തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസവും റെഡ് അലേർട്ടുണ്ട്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ ആലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 19, 20, 21 തിയതികളിലും ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മറ്റു ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.
മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയിലും 3 ദിവസം മുന്നേ (മെയ് 22) ആണ് ഇത്തവണ കാലവർഷ തുടക്കം. കേരളത്തിൽ മെയ് 31ന് കാലവർഷം എത്തിച്ചേരുമെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക