മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ പ്രീ ബുക്കിങ്ങിലൂടെ മാത്രം നേടിയത് മൂന്നു കോടിയോളം രൂപ. ഏകദേശം 2.96 കോടി രൂപയാണ് പ്രീ ബുക്കിങ്ങിലൂടെ മാത്രം ചിത്രം നേടിയത്. ‘ഭീഷ്മപർവ്വം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തന്നെ റെക്കോർഡ് ആണ് പ്രീ ബുക്കിംഗ് തിരുത്തിക്കുറിച്ചത്.
തീയറ്ററുകളെ ഇളക്കിമറിക്കാൻ ‘ജോസ്’ എന്ന കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്ന ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. രാവിലെ എട്ടുമണിക്ക് ഫാൻസ് ഷോകൾ ആരംഭിക്കുന്ന ചിത്രം കേരളത്തിലെ 360 ഓളം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ജർമ്മനിയിലും യുകെയിലും റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രം മുന്നേറുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂർ 35 മിനിറ്റ് ആണ്. വേഫറർ ഫിലിംസ് ഡിസ്ട്രിബ്യൂഷൻ നടത്തുന്ന ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്.
ജീപ്പ് ഡ്രൈവർ ആയ ‘ജോസ്’ എന്ന കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന്റെ ട്രെയിലർ വൻ ആവേശമാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. വിയറ്റ്നാം ഫൈറ്റേഴ്സ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.
തെലുങ്ക് താരമായ സുനിലും കന്നട താരം രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ക്രിസ്റ്റോ സേവിയറും ടീമും ചേർന്ന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിഷ്ണു ശർമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക