മഴക്കാലമാണ്, ഈ സമയം വീടിനുള്ളിൽ കൊതുക്, ഉറുമ്പ്, ഈച്ച, പല്ലി, എട്ടുകാലി, എലി തുടങ്ങിയ ക്ഷുദ്രജീവികളുടെ ഘോഷയാത്രയായിരിക്കും. ശല്യക്കാരായ എല്ലാത്തരം ജീവികളെയും ഓടിക്കാൻ നിരവധി രാസപദാർഥങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇതിലെല്ലാം ചെറിയ അളവിൽ വിഷം അടങ്ങിയിരിക്കുന്നു.
ഇത് മനുഷ്യശരീരത്തിലെത്താനും ചെറിയ കുട്ടികളിലും പ്രായമായവരിലും അലർജിയുള്ളവരിലുമൊക്കെ പ്രതികൂലമായി പ്രവർത്തിക്കുകയും ചെയ്യാനുമുള്ള സാധ്യത തള്ളിക്കളയനാകില്ല. അതുകൊണ്ട് വീട്ടിലുള്ള നിത്യോപയോഗസാധനങ്ങൾ ഉപയോഗിച്ച് ഇവയെ എങ്ങനെ തുരത്താം എന്ന് നോക്കാം…
- ആവശ്യത്തിന് വെന്റിലേഷനും സൂര്യപ്രകാശവും വീടിനകത്തില്ലെങ്കിൽ എല്ലാത്തരം ക്ഷുദ്രജീവികളും കൂടേറാനും മുട്ടയിട്ടു പെരുകാനും സാധ്യതയുണ്ട്. അതിനാൽ ഇടയ്ക്കിടെ കർട്ടൻ നീക്കി, ജനൽ തുറന്നിട്ട് വീടിനകത്തേക്ക് പ്രകാശവും വായുവും കയറ്റുക.
- വീടിനകത്തോ പുറത്തോ ചെറിയ മാളങ്ങളോ ദ്വാരങ്ങളോ ഉണ്ടെങ്കിൽ അത് അടയ്ക്കുക.
- കബോർഡുകൾക്കുള്ളിലെ ഇരുട്ടിലും സിങ്കിനടിയിലുമാണ് പാറ്റ താവളം കണ്ടെത്തുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു പകൽ മുഴുവൻ ഈ കബോർഡുകളുടെ വാതിൽ വെളിച്ചത്തിലേക്ക് തുറന്നുവച്ചാൽ ഇരുട്ടിൽ കൂടു കൂട്ടിയ ജീവികളെല്ലാം സ്ഥലം വിടും.
- ബേക്കിങ് സോഡ ചേർത്ത വെള്ളംകൊണ്ടു തറ തുടയ്ക്കുന്നതും ഉറുമ്പുശല്യം കുറയ്ക്കും.
- പഞ്ചസാര പൊടിച്ചതിൽ ബേക്കിങ് സോഡ ചേർത്ത് ചെറിയ ഉരുളകളാക്കുക. ഇത് കബോർഡുകൾക്കടിവശത്തുവച്ചാൽ പാറ്റ നശിക്കും.
- വീടിനുള്ളിൽ എലി താമസം തുടങ്ങിയാൽ വളരെ ബുദ്ധിമുട്ടായാിരിക്കും. ഇഞ്ചി എലിക്കു വളരെ പേടിയായതിനാൽ എലിയുടെ സഞ്ചാരവഴികൾ കണ്ടെത്തി അവിടെ ഇഞ്ചി ചുരണ്ടിയതു വിതറിയാൽ മതി.
- മഴക്കാലത്ത് ചെടികളിലും വീടിനകത്തുമെല്ലാം ഒച്ചിന്റെ ശല്യമുണ്ടാകും. ഉപ്പ്, അല്ലെങ്കിൽ ഉപ്പുവെള്ളം ഉപയോഗിച്ച് ഒച്ചിനെ തുരത്താം. കാപ്പിപ്പൊടിയാണ് ഒച്ചിനു പേടിയുള്ള മറ്റൊരു സാധനം. കാപ്പി ഉണ്ടാക്കി ബാക്കിയാകുന്ന മട്ട് ചെടിയുടെ ചുവട്ടിൽ ഒഴിച്ച് ഒച്ചിനെ ഓടിക്കാം.
- ഈച്ച, ഉറുമ്പ് തുടങ്ങിയ ജീവികളെ ഓടിക്കാൻ പുതിന വളരെ ഫലപ്രദമാണ്. പുതിന ചെറുതായൊന്നു ഞെരടി ഒരു തുണിയിൽ പൊതിഞ്ഞ് ഭംഗിയുള്ള ചരടുകൊണ്ടു കെട്ടി മുറിയുടെ മൂലകളിൽ നിക്ഷേപിക്കുക. ഈച്ചയുടെയും ഉറുമ്പിന്റെയും ശല്യം കുറയും.
- വിനാഗിരിയും വെള്ളവും തുല്യ അളവിൽ ചേർത്തതിൽ മുക്കിയ തുണികൊണ്ടു തുടച്ചാൽ കൗണ്ടർ ടോപ്പിനു മുകളിലും ഡൈനിങ് ടേബിളിലും ഉറുമ്പു വരുന്നതു തടയാം.
- ബാർസോപ്പ് വെള്ളത്തിൽ ലയിപ്പിച്ചതിൽ രണ്ടു തുള്ളി വേപ്പെണ്ണയും ചേർത്ത് സ്പ്രേ ചെയ്താൽ തോട്ടത്തിലെ ഉറുമ്പ്, ചിതൽ ശല്യംകുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക