അൽപം മുഖം ചെരിച്ച് കുസൃതിയോടെ നോക്കിയിരിക്കുന്ന കബോസു എന്ന നായ്ക്കുട്ടിയെ അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. സോഷ്യൽ മീഡിയയിലെ മീമുകളിലെ സ്ഥിര സാന്നിധ്യമായ, ഡോഗ്കോയ്ൻ എന്ന ക്രിപ്റ്റോ നാണയത്തിന് പ്രചോദനമായ കബോസു ഈ ലോകത്തോട് വിട പറഞ്ഞു. ഡോഗ് കോയ്ൻ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ ദുഃഖകരമായ വാർത്ത വന്നിരിക്കുന്നത്.
‘നമ്മുടെ സുഹൃത്തും പ്രചോദനവുമായ കബോസു ഇന്ന് ഈ ലോകത്തോട് വിട പറഞ്ഞുവെന്ന ദുഃഖകമായ വാർത്ത നിങ്ങളുമായി പങ്കുവെക്കുന്നു. സന്തോഷത്തോടെയിരിക്കാനും എപ്പോഴും സ്നേഹിക്കാനും മാത്രം അറിയാവുന്ന ഒരു നായക്കുട്ടിയായിരുന്നു’-എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഡോഗ്കോയ്ൻ എഴുതുന്നു.
ഡോഗ് കോയ്ൻ ക്രിപ്റ്റോ കറൻസികളെ പരിഹസിച്ചുകൊണ്ട് ഒരു തമാശയായി രംഗത്തുവന്ന ക്രിപ്റ്റോ നാണയമാണ്. ഈ നാണയത്തിന് നൽകിയിരുന്നത് കബോസുവിന്റെ മുഖമാണ്. 2013-ൽ ഈ ക്രിപ്റ്റോ നാണയം പുറത്തിറക്കിയത് ബില്ലി മാർക്കസും ജാക്സൺ പാർമറുമാണ്. തമാശയോടെ തുടങ്ങിയതാണെങ്കിലും ശതകോടീശ്വരൻ ഇലോൺ മസ്ക്കും മറ്റ് സെലിബ്രിറ്റികളഉം ഏറ്റെടുത്ത് ഈ സംഭവം ലോക പ്രശസ്തി നേടുകയായിരുന്നു.
മസ്ക്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ അതിന്റെ വെബ് വേർഷന്റെ ലോഗോ മാറ്റിയിരുന്നു. കബോസുവിന്റെ ചിത്രമാണ് നീലക്കിളിക്ക് പകരം മസ്ക്ക് വച്ചിരുന്നത്. ഇത് വിവാദമായതോടെ മസ്ക്ക് വീണ്ടും ലോഗോ മാറ്റുകയായിരുന്നു. എന്നാൽ ഇത് കബോസുവിന് ഗുണമായി. ഡോഗ്കോയിനെ കുറിച്ച് മസ്ക്കിന്റെ ട്വീറ്റുകളും മറ്റും അതിന്റെ വില വർധിക്കുന്നതിന് കാരണമായി.
കബോസു ഉൾപ്പെടുന്നത് ജപ്പാനിലെ പ്രശസ്തമായ വേട്ടപ്പട്ടികളായ ഷിബ ഇനു എന്ന ബ്രീഡിലാണ്. ഈ നായ്ക്കുട്ടി ജപ്പാനിലെ പ്രൈമറി സ്കൂൾ അധ്യാപികയായ അറ്റ്സുകോ സാറ്റോ എന്ന വനിതയുടേതാണ്.
കബോസുവിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അറ്റ്സുകോ 2010 ഫെബ്രുവരിയിൽ ഒരു ബ്ലോഗ് വഴി ഇന്റർനെറ്റിൽ പങ്കുവെയ്ക്കാൻ തുടങ്ങി. ഇതിലെ ചിത്രങ്ങളാണ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക