ശക്തമായ വേനൽ മഴ ലഭ്യമായി കാട്ടുതീയുടെ ഭീഷണി അകന്ന സാഹചര്യത്തിൽ മലപ്പുറത്തിന്റെ മിനി ഊട്ടി എന്നറിയപ്പെടുന്ന കൊടി കുത്തിമല ഇക്കോ ടൂറിസം സഞ്ചാരികൾക്കായി തുറന്നു. വേനൽ മഴ ശക്തമായ സാഹചര്യത്തിലാണ്കേന്ദ്രം സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ തീരുമാനമായത്.
വേനൽ മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ഇക്കോ ടൂറിസം ജീവനക്കാർ നൽകുന്ന നിർദ്ദേശങ്ങൾ സഞ്ചാരികൾ നിർബന്ധമായും പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. രാവിലെ 8 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് കൊടികുത്തിമലയിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്.
മലപ്പുറം ജില്ലയിലെ സമുദ്രനിരപ്പിൽ നിന്ന് 522 മീറ്റർ ഉയരത്തിലുള്ള മലയോര പ്രദേശമാണ് കൊടികുത്തിമല. ഇവിടെയുള്ള സ്ഫടികം പോലെ തെളിഞ്ഞ വെള്ളച്ചാട്ടങ്ങളും വറ്റാത്ത നീരുറവകളും മൂടൽമഞ്ഞ് നിറഞ്ഞ അന്തരീക്ഷവും എല്ലാം കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ തന്നെയാണ്.
പെരിന്തൽമണ്ണ ടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കൊടികുത്തിമല അമ്മിണി കണ്ടൻ മലനിരകളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം കൂടിയാണ്. എപ്പോഴും ഒഴുകുന്ന തെളിനീരുറവകളും വെള്ളച്ചാട്ടങ്ങളും കൂടാതെ ഒരു വാച്ച് ടവറും സൂയിസൈഡ് പോയിന്റും എല്ലാം ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക