വളരെ വ്യാപകമായി കണ്ടുവരുന്ന മറവി രോഗമാണ് അൽഷിമേഴ്സ്. പഞ്ചേന്ദ്രിയങ്ങളിലൂടെ മസ്തിഷ്കത്തിലെത്തി, അവിടെ ശേഖരിക്കുകയും ഉറപ്പിച്ച് നിലനിർത്തുകയും എപ്പോൾ വേണമെങ്കിലും വീണ്ടെടുക്കുകയും ചെയ്യുന്ന വിവരങ്ങളുടെ ഒരു സമാഹാരമാണ് ഓർമ.
ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തടസ്സം വരുന്ന വിധത്തിൽ മറവിയുണ്ടെങ്കിൽ അത് മറവി രോഗത്തിന്റെ ആരംഭമാണ്. മറവി രോഗിക്ക് ഓർമ്മ മാത്രമല്ല നഷ്ടപ്പെടുന്നത്.
സംസാരശേഷി , ആസൂത്രണ ശേഷി, സ്ഥലകാല ദിശാബോധം, കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശേഷി എന്നിവ നഷ്ടപ്പെടുന്നു. മനോരോഗ ലക്ഷണങ്ങളായ കടുത്ത ദേഷ്യം, അക്രമവാസന, വാശി, നിസ്സംഗത, അമിത ലൈംഗികത, ഭയം, വിഷാദം, ഉറക്കമില്ലായ്മ എന്നിവയും ഇവരിൽ കാണപ്പെടുന്നു.
മറവിരോഗം സംഭവിക്കുന്നത് മസ്തിഷ്ക കോശങ്ങൾ നശിക്കുമ്പോഴാണ്. ഉദാ: അൽഷിമേഴ്സ് രോഗം, ഫ്രണ്ടോ ടെംപറൽ ഡിമെൻഷ്യ. പ്രായവും പാരമ്പര്യവും മേധാക്ഷയത്തിലേക്ക് നയിക്കുന്ന രണ്ട് പ്രധാന കാരണങ്ങളാണ്.
അന്തരീക്ഷ മലിനീകരണം, ദരിദ്ര പശ്ചാത്തലം, വിദ്യാഭ്യാസത്തിന്റെ കുറവ്, ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദം, കൊളസ്ട്രോൾ , അമിതവണ്ണം, സ്ട്രെസ്സ്, മസ്തിഷ്കാഘാതം, ഹൃദയാഘാതം, വിഷാദരോഗം, സാമൂഹികമായ ഒറ്റപ്പെടൽ എന്നിവ മേധാക്ഷയത്തിന് കാരണമാകും.
ചെറിയ ഒരു ശതമാനം ഡിമെൻഷ്യ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്നതാണ്. മിഥ്യാ മറവിരോഗം, വിറ്റാമിനുകളുടെയും തൈറോയിഡ് ഗ്രന്ഥികളുടെ തകരാറ് മൂലവുമുള്ള മറവി, അമിത മദ്യപാനം മൂലമുള്ള മറവി എന്നിവ ഒരു പരിധി വരെ ചികിത്സിച്ച് ഭേദമാക്കാം.
മധ്യവയസ്സ് പിന്നിട്ടവർ ഓർമ്മ നിലനിർത്താൻ സഹായിക്കുന്ന ആഹാരങ്ങൾ ശീലമാക്കുന്നത് ഉപകാരപ്രദമാണ്. മഞ്ഞൾപ്പൊടിയിലെ കുർക്കുമിൻ ഓർമ്മശക്തി കൂട്ടാൻ സഹായിക്കും. ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, ചാള, ചൂര, അയല തുടങ്ങിയ മത്സ്യങ്ങൾ കൂടുതലായി ഉപയോഗിക്കാം.
ആൽഫാ ലിപോയിക്ക് ആസിഡ് അടങ്ങിയ ബ്രോക്കോളി, ചേന, ഉരുളക്കിഴങ്ങ്, കാരറ്റ്, മുളപ്പിച്ച പയർ എന്നിവ നല്ലതാണ്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ കാരറ്റ്, ഇലക്കറികൾ, ബ്ലു ബെറി, ചുവന്ന മുന്തിരി, ഗ്രീൻ ടീ , ഡാർക്ക് ചോക്ലേറ്റ് എന്നിവ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക