തിരുവനന്തപുരം: കാലവര്‍ഷം എത്തും മുന്‍പേ കേരള തീരത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായതുപോലുള്ള മേഘവിസ്ഫോടനം പോലെ വരും ദിവസങ്ങളിലും കനത്തമഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ലാ നിന, ഐഒഡി പ്രതിഭാസങ്ങള്‍ കൂടിയെത്തിയാല്‍ മണ്‍സൂണ്‍ കാലത്ത് സംസ്ഥാനം കനത്ത ജാഗ്രത സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കുന്നു.
ദീര്‍ഘകാല ശരാശരിയുടെ ആറ് ശതമാനം വരെ അധികം മഴ കിട്ടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കാലവര്‍ഷത്തിനൊപ്പം കനത്ത മഴ കിട്ടുന്ന രണ്ട് പ്രതിഭാസങ്ങള്‍ കൂടി ഈവട്ടം പ്രതീക്ഷിക്കാം. ലാ നിന, ഇന്ത്യന്‍ ഓഷന്‍ ഡൈപോള്‍ പ്രതിഭാസങ്ങള്‍ ഒരുമിച്ചെത്തുന്നത് അപ്രതീക്ഷിത കാലാവസ്ഥയ്ക്കുള്ള ഘടകങ്ങളാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
അടുത്ത 3 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുലര്‍ച്ചെ നല്കിയ മുന്നറിയിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക