സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നത് എന്നും ആ കൂട്ടത്തിൽ വടകരയിൽ ഷാഫി പറമ്പിൽ മുന്നിട്ടു നിൽക്കുകയാണ് എന്നും അത് തുടരാനാണ് സാധ്യതയെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പറഞ്ഞു. ആലത്തൂർ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളും യുഡിഎഫിന് അനുകൂലമായ തരംഗമാണ് ഇതുവരെയും കാണുന്നത്.
2019 ൽ ഉണ്ടായതുപോലെ യുഡിഎഫിന് അനുകൂലമായ പാർലമെന്റ് ഇലക്ഷനിലെ ട്രെൻഡ് ആണ് ഇത്തവണയും കാണുന്നത് എന്ന് പറഞ്ഞ ശൈലജ ഇനിയും കുറെ റൗണ്ട് വോട്ട് എണ്ണാൻ ഉണ്ടെന്നും കൂട്ടിച്ചേർത്തു. അമ്പതിനായിരത്തിലധികം വോട്ടുകളുടെ ലീഡുമായാണ് ഷാഫി പറമ്പിൽ വടകരയിൽ മുന്നേറുന്നത്. തീപാറുന്ന മത്സരമാണ് കെ കെ ശൈലജയും ഷാഫി പറമ്പിലും തമ്മിൽ വടകരയിൽ നടന്നത്.
വോട്ടെണ്ണലിൽ ലീഡ് ഇടയ്ക്കിടെ മാറിമറിഞ്ഞെങ്കിലും ഷാഫി ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. വോട്ടെണ്ണൽ തുടങ്ങുന്നതിനു മുൻപ് കൗണ്ടിംഗ് സെന്ററിൽ എത്തിയ ഷാഫി പറമ്പിൽ വിജയം ഉറപ്പാണ് എന്ന് പ്രതികരിച്ചിരുന്നു. നിലവിൽ 17 സീറ്റിൽ കോൺഗ്രസും രണ്ട് സീറ്റുകളിൽ ബിജെപിയും ഒരു സീറ്റിൽ എൽഡിഎഫുമാണ് കേരളത്തിൽ ലീഡ് ചെയ്യുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക