കെഎസ്ആർടിസിയുടെ എല്ലാ ഓഫീസുകളും വൃത്തിയായി സൂക്ഷിക്കാൻ കർമ്മപദ്ധതി ഒരുക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പുറത്തിറക്കിയ കർമ്മ പദ്ധതിയിൽ കെഎസ്ആർടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകൾ പതിക്കരുത് എന്നും അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകൾക്ക് പോസ്റ്ററുകൾ പതിക്കാൻ സ്ഥലം അനുവദിക്കുമെന്നും അനുവദിച്ച സ്ഥലത്ത് മാത്രമേ പോസ്റ്ററുകൾ പതിക്കാവൂ എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡിപ്പോകളിലോ ബസുകളിലോ മന്ത്രിയായ തന്റെ പോസ്റ്ററുകൾ കണ്ടാൽ പോലും ഇളക്കി കളയണമെന്ന് ആവശ്യപ്പെട്ട ഗണേഷ് കുമാർ ഇതു സംബന്ധിച്ച് സിഎംഡിക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ബസ് സ്റ്റേഷനിലോ ബസിന്റെ പുറത്തോ പോസ്റ്റർ ഒട്ടിച്ചാൽ പോലീസിൽ അക്കാര്യം അറിയിക്കണം എന്ന് നിർദ്ദേശിച്ച മന്ത്രി പോസ്റ്റർ ഒട്ടിക്കുന്ന സംഘടനകൾക്കെതിരെ കെഎസ്ആർടിസി കേസെടുക്കുമെന്നും പറഞ്ഞു.
നടപടിയെടുക്കാതെ ഒരു ഫയലും അഞ്ചുദിവസത്തിൽ കൂടുതൽ മേശയിൽ വയ്ക്കാൻ പാടില്ലെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ മന്ത്രി അത്തരക്കാർക്കെതിരെ നടപടിയെടുക്കും എന്നും അറിയിച്ചു. പൊതുജനങ്ങൾക്ക് പരാതികൾ അയക്കുന്നതിനായി പുതിയ സംവിധാനം കൊണ്ടുവരുമെന്നും എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്കു മുൻപ് ജോലികൾ തീർത്ത ശേഷം ‘സാറ്റർഡേ സ്മാർട്ട് പ്രോഗ്രാം’ എന്ന പദ്ധതി പ്രകാരം ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഓഫീസ് വൃത്തിയാക്കണം എന്നും ഫാനുകൾ ഉൾപ്പെടെ തൂത്ത് വൃത്തിയാക്കി സൂക്ഷിക്കണമെന്നും ഫയലുകൾ അടുക്കി വെക്കണം എന്നും ജോലി കഴിഞ്ഞ പോകുമ്പോൾ ലൈറ്റും ഫാനും ഓഫ് ചെയ്യാൻ മറക്കരുത് എന്നും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
വൈദ്യുതി നിരക്കിൽ ഇത്തരത്തിൽ കഴിഞ്ഞ മാസങ്ങളിൽ ലാഭിക്കാൻ കഴിഞ്ഞത് 10 ലക്ഷം രൂപയിൽ അധികമാണ് എന്നും അദ്ദേഹം പറഞ്ഞു. എല്ലാ കെഎസ്ആർടിസി ഡിപ്പോകളും ആറുമാസത്തിനുള്ളിൽ കമ്പ്യൂട്ടർവൽക്കരിക്കുമെന്നും കെഎസ്ആർടിസിയുടെ ഔദ്യോഗിക യൂട്യൂബ് പേജിൽ പങ്കുവെച്ച ‘എനിക്കു നിങ്ങളോട് ചിലത് പറയാനുണ്ട്’ എന്ന വീഡിയോയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക