സ്വന്തമായി കൃഷിയുണ്ടെങ്കിലും ചിലപ്പോൾ പച്ചക്കറികളും ഇല വർഗങ്ങളും ഉള്ളിയുമെല്ലാം നമുക്ക് മാർക്കറ്റിൽ നിന്നു വാങ്ങേണ്ടി വരും. ഇവയിൽ പ്രയോഗിച്ചിട്ടുള്ള രാസവസ്തുക്കൾ കളയാൻ നിരവധി മാർഗങ്ങളുണ്ട്. പച്ചക്കറികളിലും മറ്റും പ്രയോഗിച്ചിട്ടുള്ള രാസവസ്തുക്കൾ വീട്ടിൽ വച്ചു തന്നെ എളുപ്പത്തിൽ കളയാനുള്ള മാർഗങ്ങൾ നോക്കാം.
മുളക്, തക്കാളി
പച്ചമുളക്, കാപ്സിക്കം, കത്തിരി, തക്കാളി, ബീൻസ്, അമരക്ക എന്നിവ വിനാഗിരി ലായനിയിലോ ( 20മില്ലീ ഒരു ലിറ്റർ വെള്ളത്തിൽ), വാളൻ പുളി ലായനിയിലോ ( 20 ഗ്രാം വാളൻ പുളി ഒരു ലിറ്റർ വെള്ളത്തിൽ പിഴിഞ്ഞ് അരിച്ചെടുത്തത്) പത്തു മിനിറ്റ് മുക്കി വയ്ക്കുക. പലവട്ടം കഴുകി വെള്ളം വാർന്നു പോകാൻ സുഷിരങ്ങളുള്ള പാത്രത്തിൽ ഒരു രാത്രി വയ്ക്കണം. പിന്നീട് ഞെട്ട് അടർത്തി മാറ്റി കോട്ടൺ തുണിയുപയോഗിച്ച് വെള്ളം തുടച്ചു കളഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്നറിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഇലകൾ
ഏറ്റവുമധികം വിഷപ്രയോഗം നടക്കുന്നത് ഇലക്കറികളിലാണ്. ഇവയിൽ നിന്നു രാസവസ്തുക്കൾ കളയാതെ ഉപയോഗിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. കറിവേപ്പില, പുതിനയില, ചീര എന്നിവയും വിനാഗിരി, വാളൻ പുളി ലായനികളിൽ മുക്കിവയ്ക്കുക. പത്തു മിനിറ്റ് നേരം മുക്കിവച്ചശേഷം വെള്ളത്തിൽ പല പ്രവാശ്യം കഴുകുക. വെള്ളം വാർന്നു പോകാൻ സുഷിരങ്ങളുള്ള പാത്രത്തിൽ ഒരു രാത്രി വയ്ക്കണം. ടിഷ്യൂ പേപ്പറിലോ ഇഴയകന്ന കോട്ടൺ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്നറിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കുക.
കാരറ്റ്, ബീറ്റ്റൂട്ട്
മുരിങ്ങ, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് എന്നിവ പല പ്രാവശ്യം വെള്ളത്തിൽ കഴുകിയശേഷം വെള്ളം വാർന്നു പോകാൻ സുഷിരങ്ങളുള്ള പാത്രത്തിൽ ഒരു രാത്രി വച്ചശേഷം കോട്ടൺ തുണിയുപയോഗിച്ച് വെള്ളം തുടച്ചിട്ട് ഇഴയകന്ന കോട്ടൺ തുണിയിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഉപയോഗത്തിന് മുമ്പ് തൊലി നന്നായി ചുരണ്ടിക്കളഞ്ഞ് ഒരിക്കൽ കൂടി കഴുകി പാകം ചെയ്യാം.
പച്ചക്കറികൾ
പടവലം, പയർ, നെല്ലിക്ക, കോവയ്ക്ക എന്നില വളരെ മൃദുവായ സ്ക്രാപ്പാഡ് ഉപയോഗിച്ച് സൂക്ഷിച്ച് ഉരസി കഴുകുക. മുകളിൽ ഉപയോഗിച്ച ലായനിയിൽ ഏതെങ്കിലും പത്തുമിനിറ്റ് മുക്കിവയ്ക്കണം. വെള്ളത്തിൽ പലവട്ടം കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കാം. വെണ്ടയ്ക്ക, വഴുതനങ്ങ, വെള്ളരി, പാവയ്ക്ക, സലാഡ് വെള്ളരി, ചുരക്ക എന്നിവ തുണി കഴുകുന്ന ബ്രഷ് ഉപയോഗിച്ച് മൃദുവായി ഉരസി വെള്ളത്തിൽ പല പ്രവാശ്യം കഴുകണം. വിനാഗിരി ലായനിയിലോ വാളൻ പുളി ലായനിയിലോ ഇട്ടുവയ്ക്കുക. കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
കാബേജ്, കോളിഫ്ളവർ
കൊടിയ വിഷം ഉപയോഗിച്ചാണ് അന്യസംസ്ഥാനങ്ങളിൽ കാബേജും കോളിഫ്ളവറും വിളയിക്കുന്നത്. ഇവ മാർക്കറ്റിൽ നിന്നു വാങ്ങി കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്. കാബേജിന്റെ ഏറ്റവും പുറമെയുള്ള മൂന്നോ നാലോ ഇതളുകൾ അടർത്തിക്കളഞ്ഞശേഷം വെള്ളത്തിൽ പലവട്ടം കഴുകിയെടുത്ത് കോട്ടൺ തുണി കൊണ്ട് തുടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. കോളിഫ്ളവറിന്റെ അടിയിലെ ഇലയും തണ്ടും വേർപെടുത്തിയശേഷം ഇതളുകൾ ഓരോന്നായി മുറിച്ച് അടർത്തിയെടുക്കുക. അവ വിനാഗിരി ലായനിയിലോ, ഉപ്പു ലായനിയിലോ 10 മിനിറ്റ് മുക്കി വച്ചശേഷം പലവട്ടം കഴുകുക. വെള്ളം വാർന്നു പോയശേഷം പ്ലാസ്റ്റിക് പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക