പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിലെത്തിയ ‘ഗുരുവായൂരമ്പല നടയിൽ’ 90 കോടി ക്ലബ്ബിൽ. പൃഥ്വിരാജ് ഫെയ്സ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ പുറത്തുവിട്ടത്. ഇതുവരെ 50 ലക്ഷം പേർ സിനിമ കണ്ടതായും അണിയറപ്രവർത്തകർ അറിയിച്ചു. അനശ്വരയും നിഖിലയുമാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ് ചിത്രം.
‘ജയ ജയ ജയ ജയ ഹേ’യ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ജഗദീഷ്, ബൈജു, ഇർഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിച്ചത്.
പ്രേമലു, ആവേശം എന്നീ സിനിമകൾക്ക് ശേഷം മലയാളത്തിൽ ചിരിവിരുന്നൊരുക്കിയ ചിത്രമായി മാറിയിരിക്കുകയാണ് ഗുരുവായൂരമ്പലനടയിൽ. പൃഥ്വിരാജ്, ബേസിൽ എന്നിവരുടെ കോമ്പോയും തകർപ്പനാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയിൽ’. താരനിരയും സംവിധായകന്റെ മുൻസിനിമയുടെ വിജയവുമായിരുന്നു അതിന് കാരണം. ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടിയതോടെ ചിത്രം ബോക്സ് ഓഫീസിൽ കുതിച്ചു.
90 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ് എന്നാണ് റിപ്പോർട്ട്. ആനന്ദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. ആനന്ദിന്റെ അളിയൻ വിനു എന്ന കഥാപാത്രമായി ബേസിലും എത്തിയപ്പോൾ കോമഡി ഗംഭീരമായി വർക്കൗട്ട് ആയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പൃഥ്വിയുടെ പെങ്ങളായി എത്തിയത് അനശ്വര രാജൻ ആണ്. നിഖില വിമൽ ആണ് പൃഥ്വിയുടെ നായിക. ദീപു പ്രദീപ് ആണ് രചന നിർവഹിച്ചിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണം. അങ്കിത് മേനോൻ – സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക