തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ ബോർഡുകളിൽ സ്ഥലപ്പേരിനൊപ്പം പ്രത്യേക കോഡ് നമ്പർ കൂടി ഉൾപ്പെടുത്താൻ തീരുമാനം. മലയാളം അറിയാത്തവർക്കു സ്ഥലപ്പേര് മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണു നമ്പർ ഉൾപ്പെടുത്തുന്നത്. ഇതു ചേർത്ത് എല്ലാ ബസുകളുടെയും സ്ഥലനാമ ബോർഡുകൾ പുതുക്കും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.
ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ കൊമേഴ്സ്യല്‍ വിഭാഗം സ്പോണ്‍സര്‍ഷിപ്പുകള്‍വഴി ലഭ്യമാക്കും. ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള എല്ലാ ബസുകളിലും 30നു മുൻപും ഓർഡിനറി ഉൾപ്പെടെ എല്ലാ ബസുകളിലും ജൂലൈ 31ന് അകവും നമ്പർ ചേർത്തുള്ള ബോർഡുകൾ ആക്കണമെന്നു കെഎസ്ആർടിസി എംഡി നിർദേശം നൽകി.
ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് (രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങള്‍ ) ഉണ്ടായിരിക്കും. ഡെസ്റ്റിനേഷന്‍ നമ്പര്‍ ഒന്ന് മുതല്‍ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്കാണ് നല്‍കുക.
15 മുതല്‍ 99 വരെ മറ്റ് കെഎസ്ആര്‍ടിസി ഡിപ്പോകള്‍ (പാറശാലയില്‍നിന്ന് തുടങ്ങി കാഞ്ഞങ്ങാട് വരെ), 100 മുതല്‍ 199 വരെ ഓരോ ജില്ലയിലെയും സിവില്‍ സ്റ്റേഷന്, മെഡിക്കല്‍ കോളേജ്, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന് തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ക്കും നല്‍കും. ഒന്നിലധികം ജില്ലകളില്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ ഈ നമ്പരിനോടൊപ്പം ജില്ലാ കോഡും ചേര്‍ക്കണം.
200 മുതല്‍ 399വരെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവയ്ക്കാണ് മാറ്റിവച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങള്‍ക്ക് സ്റ്റേറ്റ് കോഡ് കൂടെ ഉണ്ടായിരിക്കും. ഡെസ്റ്റിനേഷന്‍ നമ്പര്‍ ആറ് ആയിരിക്കും. 400 മുതൽ ഓരോ ജില്ലയിലെയും സ്ഥലങ്ങൾക്കു റൂട്ട് അനുസരിച്ചു നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക