നാമെന്ത് കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ആരോഗ്യം നിലനിൽക്കുന്നത്. നമ്മുടെ ആരോഗ്യത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകമാണ് നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനം. ശാരീരിക വളർച്ചയ്ക്കും വികാസത്തിനും ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. അവ എന്താണെന്ന് നോക്കാം.
1. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക
വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുന്ന രീതി ശീലമാക്കുക. വിശക്കുമ്പോൾ ദഹനരസങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ശരിയായ രീതിയിലുള്ള ദഹനത്തിന് സഹായിക്കുന്നു. വിശന്നാലും കഴിക്കാതിരിക്കുന്ന ശീലവും നല്ലതല്ല.
2 . കൃത്യമായ ഇടവേളകളിൽ കഴിക്കുക
കൃത്യമായ ഇടവേളകളിൽ കഴിക്കുന്നത് ശീലമാക്കിയാൽ ശരീരവും അതനുസരിച്ചു കൃത്യമായ ഇടവേളകളിൽ ദഹനരസങ്ങൾ ഉത്പാദിപ്പിക്കും. ഇത് ഭക്ഷണത്തിന്റെ ദഹനം സുഗമമാക്കും.
3. സമീകൃതാഹാരം ശീലമാക്കുക
എല്ലാ പോഷകങ്ങളും ശരിയായ അളവിലടങ്ങിയിരിക്കുന്ന സമീകൃതാഹാരം ശീലമാക്കുക.
4. ഭക്ഷണത്തിനു മുൻപ് കുടിക്കാം ഈ പാനീയം
പകുതി നാരങ്ങ പിഴിഞ്ഞതിൽ ഒരു നുള്ളുപ്പും ഇഞ്ചി ചതച്ചതും ചേർത്ത് ഭക്ഷണത്തിനു മുൻപ് കുടിക്കുക. ഇത് ദഹനരസങ്ങളുടെ ശരിയായ രീതിയിലുള്ള ഉത്പാദനത്തിന് സഹായിക്കും.
5. ഭക്ഷണത്തിനു മുൻപ് തണുത്ത പാനീയങ്ങൾ കുടിക്കരുത്
ഭക്ഷണത്തിനു മുൻപ് തണുത്ത പാനീയങ്ങൾ കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ അത് ഒഴിവാക്കുക. ഇത് ദഹനത്തെ ദോഷകരമായി ബാധിക്കും. ഭക്ഷണത്തിനു മുൻപ് പാനീയങ്ങൾ കുടിക്കുന്ന ശീലമുള്ളവർക്ക് ഇളം ചൂടുള്ളതോ സാധാരണ താപനിലയിലോ ഉള്ള പാനീയങ്ങൾ കുടിക്കാം.
6. പതുക്കെ കഴിക്കുക
നാം ഭക്ഷണം കഴിക്കുന്നതിന്റെ വേഗതയും ഭക്ഷണത്തിന്റെ അളവും തമ്മിൽ ബന്ധമുണ്ട്. പെട്ടെന്ന് കഴിച്ചാൽ ഭക്ഷണത്തിന്റെ അളവും കൂടും. സാവധാനം കഴിച്ചാൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കുറഞ്ഞിരിക്കും. നിങ്ങൾ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭക്ഷണം വളരെ സാവധാനം കഴിക്കാൻ ശ്രദ്ധിക്കുക. ടെൻഷനടിച്ചോ വെപ്രാളപ്പെട്ടോ ഭക്ഷണം കഴിക്കരുത്.
7. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ ശ്രദ്ധ വേണം
നാം എന്ത് തരം ഭക്ഷണമാണോ കഴിക്കുന്നത് അതനുസരിച്ചു കഴിക്കുന്ന അളവിലും വ്യത്യാസം വരുത്തണം. ഉദാഹരണത്തിന് കൂടുതൽ കൊഴുപ്പടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ വയറു നിറയുന്നത് വരെ കഴിക്കരുത്. ഇത് ദഹിക്കാൻ പ്രയാസമാകും. പൊണ്ണത്തടിയിലേക്ക് നയിക്കുകയും ചെയ്യും.
8. വെള്ളം കുടിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക
വിശക്കുമ്പോൾ ഭക്ഷണത്തിനു പകരം വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുക. അതുപോലെ ദാഹിക്കുമ്പോൾ വെള്ളം കുടിക്കാതെ ഭക്ഷണവും കഴിക്കരുത്. ഭക്ഷണത്തിനു തൊട്ടു മുൻപും ശേഷവും ധാരാളം വെള്ളം കുടിക്കുന്ന ശീലമുണ്ടെങ്കിൽ അതൊഴിവാക്കുക. ആവശ്യമെങ്കിൽ ഭക്ഷണത്തിനിടയ്ക്ക് ഇളം ചൂടുവെള്ളം കുറച്ച് കുടിക്കാം.
9. ശരിയായ സമയത്തു കഴിക്കുക
വൈകിയെഴുന്നേറ്റ് പ്രാതൽ ഉച്ചയൂണിന്റെ സമയത്തും ഉച്ചയൂണ് വൈകുന്നേരവും കഴിക്കുന്ന ശീലം പാടെ ഉപേക്ഷിക്കുക. സമയാസമയങ്ങളിൽ കൃത്യമായ അളവിൽ ആഹാരം കഴിക്കണം.
10. ഭക്ഷണം കഴിച്ചതിനു ശേഷം ഇത് ശീലമാക്കുക
ഭക്ഷണശേഷം ഇളം ചൂടുള്ള പാലോ തൈരോ മോരോ ശീലമാക്കുക. ഇത് ഭക്ഷണത്തിന്റെ സുഗമമായ ദഹനത്തിന് സഹായിക്കും.
പ്രസവശേഷം ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ അറിഞ്ഞിരിക്കണം; എന്തൊക്കെയാണെന്ന് നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക