പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ വധുവിന്റെ വീട്ടുകാരാൽ കൊല്ലപ്പെട്ട കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് പ്രാഥമിക മെഡിക്കൽ റിപ്പോർട്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നതിനു ശേഷം അന്തിമ മെഡിക്കൽ റിപ്പോർട്ട് നൽകുമെന്നും ബോർഡ് അറിയിച്ചു.
കെവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശരി വയ്ക്കുന്നതാണ് പ്രാഥമിക മെഡിക്കൽ നിഗമനം. അന്വേഷണ സംഘം തീരുമാനിക്കുന്നതനുസരിച്ചു ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. കെവിന്റെ ശരീരത്തിലുണ്ടായിരുന്ന പതിനാറോളം മുറിവുകൾ പുഴയിലേക്ക് വീണതിന്റെ ഭാഗമായി ഉണ്ടായതാണോ എന്നാണവർ പരിശോധിക്കുക.
കെവിൻ ചാലിയേക്കരയിൽ എത്തിയത് വരെയുള്ള വിവരങ്ങൾ ഇപ്പോൾ അന്വേഷണസംഘത്തിന് വ്യക്തമാണ്. കെവിനെ പ്രതികൾ പിന്തുടർന്ന് പുഴയിലേക്ക് തള്ളിയിട്ടതാണോ അതോ മുക്കി കൊലപ്പെടുത്തിയതാണോ എന്നാണ് ഇനി തെളിയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക