ദുരന്തമുഖത്ത് നിന്നും രക്ഷപ്പെടാനുള്ള പരിശീലത്തിനിടെ കോയമ്പത്തൂർ കലൈ മകള്‍ ആര്‍ട്സ് കോളേജിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയായ ലോകേശ്വരി കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.
കെട്ടിടത്തിന് മുകളില്‍ നിന്നും അപകട സാദ്ധ്യത തരണം ചെയ്ത് രക്ഷപ്പെടുന്നത് എങ്ങനെയെന്ന് കാണിക്കുന്നതിനിടെയാണ് സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ബാല്‍ക്കണിയില്‍ വച്ച് താഴേക്ക് ചാടാന്‍ പരിശീലകനായ അറുമുഖന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ചാടാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ പരിശീലകന് തള്ളിവിട്ടു. തള്ളലിന്റെ ആഘാതത്തില്‍ ഒന്നാം നിലയിലെ ഭിത്തിയോട് തലയിടിച്ച് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ചാടുന്നവര്‍ക്ക് സുരക്ഷ ഒരുക്കി താഴെ വലപിടിച്ചിരുന്നെങ്കിലും ലോകേശ്വരി വലയില്‍ നിന്ന് മാറി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരിശീലകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക