നമ്പർ പ്ലേറ്റുകളിൽ നമ്പറിനെതിനു സമാനമായ ചിത്രപ്പണികൾ ചെയ്യുന്നവർക്ക് ഇനി പിടി വീഴും. നമ്പർ പ്ലേറ്റുകളിൽ അലങ്കാരപ്പണികളും ചിത്രപ്പണികളും ചെയ്യുന്നവർക്കെതിരെയുള്ള നടപടി ശക്തമാക്കിക്കൊണ്ടുള്ള അറിയിപ്പ് കേരളാ പോലീസ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
ഇത്തരത്തിൽ നമ്പറിന്റെതിനു സമാനമായ ചിത്രപ്പണികൾ നമ്പർ പ്ലേറ്റിൽ പതിപ്പിയ്ക്കുന്ന വാഹനങ്ങൾ അപകടം ഉണ്ടാക്കി നിർത്താതെ പോയാൽപ്പോലും നമ്പർ മനസ്സിലാക്കിയെടുക്കാൻ സാധിക്കാറില്ലെന്ന് പോസ്റ്റിൽ പറയുന്നു. “ചില നമ്പര്‍ പ്ലേറ്റുകളിൽ 3, 4, 6, 8, 9 തുടങ്ങിയ നമ്പറുകള്‍ വായിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ല. ഇത്തരം നമ്പർ പ്ലേറ്റ് ഉപയോഗിച്ചാൽ മോട്ടോര്‍ വാഹന നിയമം 177, 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് രണ്ടായിരം മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കുന്നതാണ്” കേരളം പോലീസ് മുന്നറിയിപ്പ് നൽകി.
കേരളാ പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
“നമ്പര്‍ പ്ലേറ്റുകളിലെ അലങ്കാരം നിയമവിരുദ്ധം.
ചിത്രപ്പണിയും പേരുമെഴുതി കുതിക്കുന്നവർ ശ്രദ്ധിക്കുക .. നിങ്ങൾക്ക് പിടിവീഴാം.
നമ്പര്‍ പ്ലേറ്റുകളിൽ നമ്പറിനു സമാനമായചിത്രപ്പണിയും പേരുമെഴുതി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോകുമ്പോള്‍ നമ്പര്‍ മനസ്സിലാക്കാന്‍ പോലും സാധിക്കാറില്ല. ചില നമ്പര്‍ പ്ലേറ്റുകളിൽ 3, 4, 6, 8, 9 തുടങ്ങിയ നമ്പറുകള്‍ വായിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ല. ഇത്തരം നമ്പർ പ്ലേറ്റ് ഉപയോഗിച്ചാൽ മോട്ടോര്‍ വാഹന നിയമം 177, 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് രണ്ടായിരം മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കുന്നതാണ്
നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയില്‍ നമ്പര്‍ എഴുതണം. മോട്ടോര്‍ കാര്‍, ടാക്സി കാര്‍ എന്നിവയ്ക്ക് മാത്രം മുന്നിലും പിന്നിലും ഒറ്റവരി നമ്പര്‍ മതി. മറ്റ് വാഹനങ്ങള്‍ക്ക് മുന്‍വശത്തെ നമ്പര്‍ ഒറ്റവരിയായി എഴുതാം.
നിയമം ലംഘിച്ചാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് രണ്ടായിരം രൂപ, ലൈറ്റ് വാഹനങ്ങള്‍ക്ക് മൂവായിരം, മീഡിയം വാഹനങ്ങള്‍ക്ക് നാലായിരം, ഹെവി വാഹനങ്ങള്‍ക്ക് 5000 എന്നിങ്ങനെയാണ് പിഴ. നമ്പര്‍ ചരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പര്‍പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നമ്പര്‍പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുക, മാഞ്ഞുപോവുക തുടങ്ങിയവയും കുറ്റകരമാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക