തൃശൂര്‍: പൂര ലഹരിയില്‍ മതിമറന്നു തൃശ്ശൂര്‍. രണ്ടുമണിയോടെ കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിന് പിന്നാലെ ലോകപ്രസിദ്ധമായ കുടമാറ്റം വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ചു.
രാവിലെ അഞ്ചു മണിക്ക് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി എഴുന്നള്ളിയതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ശ്രീമൂലസ്ഥാനത്ത് ഏഴ് ആനകളുടെ അകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്.
തുടര്‍ന്ന് ചെമ്പൂക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ ദേവീദേവന്മാര് ക്ഷേത്രത്തില്‍ എത്തി വടക്കുംനാഥനെ വണങ്ങി. ഓരോ ഘടക പൂരങ്ങള്‍ക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറി. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തില്‍ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്ന ചടങ്ങായ മഠത്തില്‍ വരവ് ആരംഭിച്ചു.
നാളെ പുലര്‍ച്ചെ ആകാശത്ത് വർണങ്ങളേറി പൂര വെടിക്കെട്ട് നടക്കും. നാളെ പകല്‍ പൂരം കൊട്ടി അവസാനിക്കുന്നതോടെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും. ഇതോടെ പൂരച്ചടങ്ങുകള്‍ക്ക് സമാപനമാകും.
സുരക്ഷ ഭീഷണി കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് വടക്കും നാഥ ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള കേന്ദ്ര സേനകളും സുരക്ഷയൊരുക്കും. 3500 ഓളം പോലീസുകാരും മറ്റു സേന വിഭാഗങ്ങളുമാണ് സുരക്ഷ ഒരുക്കുന്നത്. അതീവ സുരക്ഷാ മേഖലയായ ക്ഷേത്രം, മൈതാനം , സ്വരാജ് റൗണ്ട് പ്രദേശങ്ങളെ അഞ്ച് മേഖലകളായി വിഭജിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക