പുതിയ വീടു പണിയുമ്പോള്‍ പിന്നീട് ‘എന്തെങ്കിലും ചെയ്യാം’ എന്നു കരുതി ടെറസ് തുറസായി തന്നെ ഇടും. പിന്നെയത് തുണിയുണക്കാനിടാനുള്ളസ്ഥലം മാത്രമായി മാറുകയാണ് പതിവ്. എന്തെങ്കിലും ചെയ്യാം എന്ന ചിന്തയ്ക്കു പകരം ഈ കാര്യങ്ങളിലേതെങ്കിലും ചെയ്യാം എന്ന രീതിയിൽ കണക്കുകൂട്ടിയാൽ അധികചെലവില്ലാതെ സംഗതി ഉഷാറാക്കാം.
ഒഴിഞ്ഞ ടെറസുകൾ ഉപയോഗപ്രദമാക്കാം
ടെറസിന് മേക്കോവർ നൽകും മുൻപ് ട്രസ് റൂഫിനെ അ റിയാം. മേൽക്കൂരയ്ക്കു മുകളിൽ കഴുക്കോൽ പാകി ഓടോ ഷീറ്റോ ഇടുന്നതാണ് ട്രസ് വർക്ക്. അതിനുശേഷം ആവശ്യം അനുസരിച്ച് കമ്പിവല (മെഷ്) ഇട്ടു വശങ്ങൾ മറയ്ക്കുകയോ കോൺക്രീറ്റ് ഭിത്തി തീർക്കുകയോ ചെയ്യാം. ആവശ്യമനുസരിച്ച് ടെറസ് മുഴുവനായും ഭാഗികമായും ഇതു ചെയ്യാം.
ദൈനംദിന ആവശ്യങ്ങൾക്കായുള്ള യൂട്ടിലിറ്റി സ്പേസ് ആക്കി ടെറസിനെ മാറ്റാം. വീടിന്റെ ഭംഗിക്കൊപ്പം അവ എത്രത്തോളം ആവശ്യങ്ങൾക്ക് ഉപകരിക്കുന്നു, സൗകര്യപ്രദമാകുന്നു എന്നത് പ്രധാനമാണ്.
തുണിയുണക്കാൻ മാത്രമല്ല, തുണി കഴുകാനും ഇസ്തിരി യിടാനുമൊക്കെ ടെറസ് ഉപയോഗിക്കാം. ടെറസിന്റെ ഒരു ഭാ ഗം മറച്ചെടുക്കുക. ഇവിടെ വാഷിങ് മെഷീനും അയണിങ് ടേ ബിളും സെറ്റ് ചെയ്യാം. മൂന്നു കള്ളികളുള്ള ഒരു വലിയ പെട്ടി ഉണ്ടാക്കിയാൽ കഴുകിയവ, ഉണങ്ങിയവ, ഇസ്തിരിയിട്ടവ എന്നിങ്ങനെ അടുക്കിവയ്ക്കാം. മുഷിഞ്ഞ തുണിയിടാൻ തു റന്ന ബാസ്കറ്റാണ് നല്ലത്. മേൽക്കൂരയില്ലാത്ത ഭാഗത്ത് തുണി യുണക്കുകയും ചെയ്യാം.
എന്നും ഒരേ ഊണുമുറിയിലിരുന്നു ഫൂഡടിക്കുന്നത് അത്ര രസമുള്ള പരിപാടിയല്ല. ഇടയ്ക്ക് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിന് ഈ വിരസതയും കാരണമാണ്. എന്നാലിനി ഡൈൻ ഔട്ടിനു പോകാതെ ‘ഡൈൻ അവർ ഏരിയ’ ഒരുക്കി ടെറസിൽ കൂടിയാലോ? പതിവൊന്നു മാറ്റാൻ അവധി ദിവസങ്ങളില്‍ ഭക്ഷണം ഇവിടെ വിളമ്പുകകയും ചെയ്യാം.
എത്ര സ്ഥലം കിട്ടിയാലും മതിയാകാത്ത ഒരാവശ്യം വീട്ടിലുണ്ടെങ്കിൽ അത് സ്റ്റോറേജ് സ്പേസാണ്. ഗോവണി എവിടെ വയ്ക്കും, തോട്ടി എവിടെ തൂക്കും എന്നെല്ലാം ആലോചിച്ചു തല പുകയ്ക്കാതെ നേരെ ടെറസിലേക്ക് കയറിക്കോളൂ. ഇത്തരം നീളം കൂടിയതും വലുപ്പമുള്ളതുമായ വസ്തുക്കൾ ഇവിടെ വയ്ക്കാം. അധികമുള്ള മെത്ത, കട്ടിൽ, മേശ എന്നിവയും ടെറസിൽ വച്ചാൽ വീടിനുള്ളിലെ അഭംഗി ഒഴിവാക്കാം.
വിവാഹവാർഷികവും പിറന്നാളുമൊക്കെ വീട്ടില്‍ തന്നെ ആഘോഷിക്കാം. ടെറസിൽ പാർട്ടി സ്പേസ് ഒരുക്കുകയാണ് വഴി. പതിവായി ഒത്തുചേരലും സൗഹൃദക്കൂട്ടായ്മയും ഉള്ള വരാണെങ്കിൽ ബുഫേ കൗണ്ടറും മേശയും കൂടി പണി തീർത്തോളൂ.
സൗകര്യമായി അല്പനേരമിരിക്കാനും സൊറ പറയാനും ടെറസില്‍ പ്രൈവറ്റ് സ്പേസ് ഒരുക്കാം. ട്രസ് റൂഫ് പണിത ശേഷം വളച്ചുകെട്ടുന്ന ഭാഗത്ത് നീളത്തിൽ ഇരിപ്പിടം നൽകാം. കാറ്റു കൊണ്ടിരിക്കാനും ശുദ്ധവായു ശ്വസിക്കാനും രാത്രിയിൽ ചുമ്മാ ആകാശം നോക്കി കിടക്കാനുമെല്ലാം പറ്റുന്ന ഇടമായിരിക്കുമിത്. ടെറസിലെ അരഭിത്തിയിൽ നിന്നു തന്നെ ഇൻബിൽറ്റായി ഇതു പണിതാൽ മതി. ഇരിപ്പിടവും ജനാലവാതിലുമുള്ള ബേ വിൻഡോ വച്ചാൽ സ്വകാര്യതയും സൗന്ദര്യവും കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക