സിഒടി നസീറിനെതിരായ ആക്രമണം: ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി,രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്

തിരുവനന്തപുരം: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് വിശദീകരിച്ച് പിണറായി വിജയൻ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേൾപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

എംഎൽഎ ഓഫീസിലേക്ക് വിളിച്ച് വരുത്തി എഎൻ ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു. എഎൻ ഷംസീറിനെതിരായി സിഒടി നസീറിന്‍റെ ആരോപണങ്ങൾ പ്രതിപക്ഷം പലതവണ ഓര്‍മ്മിപ്പിച്ചെങ്കിലും മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. സിഒടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത് അടക്കമുള്ള കാര്യങ്ങളും പ്രതിപക്ഷം ശ്രദ്ധയിൽപ്പെടുത്തി. പൊതു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ആവര്‍ത്തിച്ചു. എന്നാൽ സംഭവത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്‌ക്കും വയറിനുമാണ് വെട്ടേറ്റത്.

തന്നെ ആക്രമിച്ചതിന് പിന്നിൽ  സിപിഎമ്മിലെ പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടെന്നും സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സിഒടി നസീർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന പി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.

Related News

Latest News