ആര്യയെ ഓര്‍മയുണ്ടാകും. അച്ഛനൊന്ന് കണ്ണ് തുറക്കാന്‍ പാഠപുസ്തകങ്ങള്‍ ഉറക്കെ വായിച്ച് ..വായിച്ച്.. എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ആര്യ രാജ്. ആര്യയുടെ വിളി കേള്‍ക്കാതെ രാജന് യാത്രയായി. 2018 ലെ ക്രിസ്മസ് ദിനത്തില്‍ ഉണ്ടായ അപകടത്തില്‍ മലാപ്പറമ്പ് സ്വദേശിയായ രാജന് ഓര്മ നഷ്ടപ്പെടുകയായിരുന്നു. അച്ഛന്റെ ഓര്മ തിരിച്ച് കിട്ടാന്‍ ആര്യ നടത്തിയ ശ്രമം വെളിച്ചം കണ്ടില്ല. മകളുടെ ശബ്ദമെങ്കിലും തിരിച്ചറിയാന്‍ കഴിയുമായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടര്‍മാര്‍. നേരം പുലരും വരെ ആര്യ അച്ഛന് അരികിലിരുന്ന് ഉറക്കെ വായിക്കും. അച്ഛനെ ഉണര്‍ത്തുക മാത്രമായിരുന്നു ആര്യയുടെ ലക്ഷ്യം. മുഴുവന്‍ എ പ്ലസ് അവള്‍ക്ക് ആവശ്യമില്ലായിരുന്നു.. എങ്ങിനെയെങ്കിലും അച്ഛനൊന്ന് ഉണര്ന്നെങ്കില്..മുഴുവന്‍ എ പ്ലസ് കിട്ടി. ആ വിവരം ഉറക്കെ പറഞ്ഞിട്ടും അച്ഛന് അറിഞ്ഞില്ല.
പ്രതീക്ഷ കൈവിടാതെ അമ്മ സബിതയും ആര്യക്കൊപ്പമുണ്ടായിരുന്നു. എല്ലാ പ്രതീക്ഷകളും ഇത്ര പെട്ടെന്ന് കൈവിടുമെന്ന് അവര്‍ കരുതിയില്ല. ഏകമകളുടെ വിജയ വിവരം അറിയാതെ…ചുറ്റും എന്താണ് നടക്കുന്നതെന്ന് അറിയാതെ രണ്ട് വര്‍ഷമായി രാജന് കിടപ്പിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക