താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ പ്രേക്ഷകർക്ക് കൗതുകമുള്ള കാഴ്ചകളാണ്. മുതിർന്നതിനു ശേഷം ക്യാമറയ്ക്കു മുൻപിൽ വിസ്മയകരമായ പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങൾ വർഷങ്ങൾക്കു മുൻപ് ക്യാമറയ്ക്കു മുൻപിൽ എങ്ങനെയായിരുന്നു എന്ന് അറിയാനുള്ള ആകാംക്ഷ! കുട്ടിക്കാലത്ത് ക്യാമറ കണ്ടാൽ തന്നെ പേടിച്ചു കരഞ്ഞിരുന്ന ഒരാളായിരുന്നു താനെന്ന് വെളിപ്പെടുത്തുകയാണ് പാർവതി തിരുവോത്ത്. രസകരമായ ഒരു ചിത്രം പങ്കുവച്ചാണ് പാർവതിയുടെ കുറിപ്പ്.
വിചിത്രമായി ചിരിച്ചു നിൽക്കുന്ന കുട്ടിപാർവതിയാണ് ചിത്രത്തിൽ. ആ ചിരിക്കു പിന്നിലെ സംഭവകഥകളും പാർവതി ആരാധകരുമായി പങ്കിട്ടു. പാർവതിയുടെ വാക്കുകൾ– "ക്യാമറയെ എനിക്ക് ഭയമായിരുന്നു. കരച്ചിൽ നിർത്താനേ കഴിയില്ല. എന്റെ അടുത്തേക്കു നീണ്ടു വരുന്ന ഒരു വിചിത്രമായ കണ്ണിനെപ്പോലെയാണ് ലെൻസ് തോന്നിപ്പിച്ചത്. നിരവധി പരാജയപ്പെട്ട ശ്രമങ്ങൾക്കൊടുവിൽ ധൈര്യം സംഭരിച്ച്, അമ്മയെ പറ്റിച്ചേർന്നു നിൽക്കുന്നത് വിട്ട് ക്യാമറയ്ക്കു മുൻപിൽ ഞാൻ നിന്നു. ഒറ്റയ്ക്ക്! കണ്ണു വലുതായി തുറന്നു പിടിച്ച്… മരവിച്ച്… പിന്നോട്ട് പോകില്ലെന്നുറച്ച്… എങ്ങനെയാണ് ആ ചിരി അവിടെ കയറി വന്നത്? സുഹൃത്തുക്കളെ… ഞാൻ പറ്റിക്കപ്പെടുകയായിരുന്നു. ക്യാമറ നോക്കി ചിരിച്ചാൽ നിഗൂഢത നിറഞ്ഞ ആ കണ്ണിൽ നിന്ന് ജെംസ് മിഠായി വരുമെന്ന് അവർ എന്നോട് പറഞ്ഞു. ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല. ഒരു വിചിത്ര ചിരിയുമായി ഞാൻ അവിടെ പ്ലിങ്ങി നിന്നു.
ഇളം പച്ച നിറത്തിൽ പൂക്കളുള്ള ഉടുപ്പിട്ടാണ് പാർവതിയുടെ നിൽപ്പ്. അന്നത്തെ ആ ഫോട്ടോ എടുപ്പിനെക്കുറിച്ചുള്ള മങ്ങിയ ഓർമകൾ ഇപ്പോഴുമുണ്ടെന്നും ആ ഉടുപ്പ് മിസ് ചെയ്യാറുണ്ടെന്നും പാർവതി പറയുന്നു. അന്നത്തെ ഫോട്ടോയിലെ ആ ചിരി, പിന്നീടും ഇടയ്ക്ക് മുഖത്ത് വരാറുണ്ടെന്ന് പാർവതി കൂട്ടിച്ചേർത്തു. അതീവ ധൈര്യശാലിയായി നിൽക്കേണ്ടി വരുമ്പോൾ മുഖത്തു വരുന്ന വിചിത്രമായ ഈ ഭാവപ്രകടനം ചെറുപ്പത്തിലേ പഠിച്ചെടുത്തതാണെന്ന് നർമരൂപത്തിൽ താരം കൂട്ടിച്ചേർത്തു.
പാർവതിയുടെ ചിത്രവും എഴുത്തും ആരാധകർ ഏറ്റെടുത്തു. വിചിത്രമായ ചിരിയാണെങ്കിലും സംഗതി ക്യൂട്ടാണെന്നാണ് ആരാധകരുടെ കമന്റ്. അന്നും ഇന്നും ആ കണ്ണുകൾക്ക് മാറ്റമില്ലെന്നും ആരാധകർ കണ്ടെത്തി. ക്യാമറ കണ്ടാൽ പേടിച്ച് കരഞ്ഞിരുന്ന വ്യക്തി ഇന്നു ക്യാമറയ്ക്കു മുൻപിൽ വിസ്മയകരമാ പ്രകടനം കാഴ്ച വയ്ക്കുന്നത് തികച്ചും പ്രചോദനകരമായ മാറ്റമാണെന്നും ആരാധകർ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക