ഈ വർഷം ആദ്യമാണ് കിയയുടെ ആഡംബര എംപിവി കാർണിവൽ ഇന്ത്യൻ വിപണിയിലെത്തിയത്. ആഡംബര സൗകര്യങ്ങളുമായി എത്തിയ കാർണിവൽ പെട്ടെന്നു തന്നെ ജനപ്രിയമായി. ഈ ആഡംബര എംപിവിയുടെ പുതിയ പതിപ്പ് അടുത്ത വർഷം കൊറിയൻ വിപണിയിലെത്തുമെന്നാണ് വാർത്തകൾ. 7,8,9 സീറ്റ് വകഭേദങ്ങളെ കൂടാതെ 4 സീറ്റ് പതിപ്പും ഒരുങ്ങുന്നുണ്ട്.
അത്യാഡംബര സൗകര്യങ്ങളുമായി എത്തുന്ന പുതിയ 4 സീറ്റ് കാർണിവൽ 2022 ൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കൊറിയയിൽ കാർണിവല്ലിന്റെ 4 സീറ്റർ മോഡിഫൈഡ് പതിപ്പ് കെസി മോട്ടോർ വിൽകുന്നുണ്ട്. കാരവാൻ സ്റ്റൈലിലെത്തുന്ന വാഹനത്തിൽ ആഡംബര സൗകര്യങ്ങളാണുള്ളത്. മുന്നിൽ രണ്ടുപേർക്കും പിന്നിൽ രണ്ടുപേർക്കുമാണ് സഞ്ചരിക്കാൻ സാധിക്കുന്നത്.
പിന്നിലെ മറ്റു സീറ്റുകൾ എടുത്തുമാറ്റി സോഫ സീറ്റുകൾ നൽകിയിട്ടുണ്ട്. റിക്ലൈനബിളായ സീറ്റുകൾക്ക് മസാജ് സൗകര്യങ്ങളുമുണ്ട്. വലിയ ടിവി, സീറ്റുകൾക്കുള്ള ട്രെ, കോഫിമെയ്ക്കർ തുടങ്ങിയ സൗകര്യങ്ങളെല്ലാം നൽകിയിട്ടുണ്ട്. മുൻസീറ്റുകളിൽ നിന്ന് വേർതിരിച്ചാണ് പാസഞ്ചർ കംപാർട്ടുമെന്റ്. പ്രീമിയം ലതറിലാണ് സീറ്റുകളുടെ നിർമാണം
റൂഫിൽ വലിയ പാനൽ ലൈറ്റുകളും അംബിയന്റ് ലൈറ്റിങ്ങുകളുമുണ്ട്. സീറ്റുകൾ പിന്നിലേക്ക് ഇറക്കിയത് ഉള്ളിലെ സ്ഥല സൗകര്യങ്ങൾ വർധിപ്പിച്ചു.
ഡോർപാഡുകളിലും ഫ്ലോറുകളിലും പാനൽ ലൈറ്റുകളും വായനയ്ക്കായി സ്പോട്ട് ലൈറ്റുകളും നൽകിയിട്ടുണ്ട്. മിനി വാനിറ്റി വാനായും യാത്രകൾ പോകാനും ഉപകരിക്കുന്ന രീതിയിലാണ് കാർണിവല്ലിന്റെ നിർമാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക