സൽമാൻ ഖാൻ നായകനായ തന്റെ ആദ്യ സിനിമ ‘മേനെ പ്യാർ കിയാ’യുടെ സെറ്റിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി നടി ഭാഗ്യശ്രീ. സിനിമയ്ക്കായി ഫോട്ടോഷൂട്ടിനെത്തിയ ആ കാലത്തെ പ്രമുഖ ഫോട്ടോഗ്രാഫർ സൽമാനോട് പറഞ്ഞതും അതിന് സൽമാൻ ഖാന്റെ മറുപടിയുമാണ് ഭാഗ്യശ്രീ വർഷങ്ങൾക്ക് ശേഷം തുറന്നു പറഞ്ഞിരിക്കുന്നത്.
”ആ സമയത്തെ ഏറ്റവും പ്രശസ്തനായ ഫോട്ടോഗ്രാഫറായിരുന്നു ഫോട്ടോഷൂട്ടിന് എത്തിയത്. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ഞങ്ങളുടെ ഹോട്ട് ചിത്രമായിരുന്നു ആവശ്യം. ‘താൻ ക്യാമറയുമായി തയ്യാറായി കഴിഞ്ഞാൽ താങ്കൾ ഭാഗ്യശ്രീയെ വാരിയെടുത്ത് ചുംബിക്കണം’ എന്നായിരുന്നു ആ ഫോട്ടോഗ്രാഫർ സൽമാനോട് ആവശ്യപ്പെട്ടത്.” തന്നോടു പറയാതെയായിരുന്നു ഈ സംഭാഷണമെന്ന് ഭാഗ്യശ്രീ പറയുന്നു.
”അവിചാരിതമായാണ് ഞാൻ ഈ സംഭാഷണം കേട്ടത്. സൽമാൻ അന്ന് വലിയ താരമായി കഴിഞ്ഞിരുന്നു. ഞങ്ങളെല്ലാവരും അഭിനയരംഗത്ത് പുതിയ ആളുകളായിരുന്നു. ഫോട്ടോഗ്രാഫറുടെ ആവശ്യം കേട്ട ഞാൻ ഞെട്ടിത്തരിച്ചു പോയി. എന്നാൽ സൽമാന്റെ മറുപടി അദ്ദേഹത്തോടുള്ള ബഹുമാനം ഇരട്ടിയാക്കി. അങ്ങനെയൊന്നും ചെയ്യാൻ പോകുന്നില്ലെന്നും, നിങ്ങൾക്ക് അത്തരം ഫോട്ടോ ആവശ്യമുണ്ടെങ്കിൽ ആദ്യം പോയി ഭാഗ്യശ്രീയോട് ചോദിക്കണം എന്നുമായിരുന്നു സൽമാന്റെ മറുപടി.” ഇതോടെ സുരക്ഷിതമായ ഇടത്താണ് ഉള്ളതെന്ന വിശ്വാസം വന്നതായും ഭാഗ്യശ്രീ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക