അമ്മയാണെ സത്യം എന്ന ബാലചന്ദ്രമേനോൻ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ താരമാണ് ആനി. അഭിനയരംഗത്ത് സജീവമായിരുന്നത് വെറും മൂന്നു വർഷങ്ങൾ മാത്രമാണെങ്കിലും ഇന്നും പ്രേക്ഷകർക്ക് ഇഷ്ടത്തോടെ ഓർക്കാൻ ഒരു പിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് താരം അഭിനയത്തോടു വിട പറഞ്ഞത്.
ഒരിടവേളയ്ക്കു ശേഷം ടെലിവിഷൻ രംഗത്ത് സജീവസാന്നിധ്യമായി ആനി മാറി. ഈ രണ്ടാം വരവിൽ, പാചകവിദഗ്ദയായും അവതാരകയായും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം ആനി സ്വന്തമാക്കി. പ്രേക്ഷകരുടെ കയ്യടികളും അഭിനന്ദനങ്ങളും മാത്രമല്ല വിമർശനങ്ങളും പരിഹാസങ്ങളും കൂടി ആനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
ചിത്ര, ആനി ഏതാണ് കൂടുതൽ ഇഷ്ടം
മിസ്സിസ് ഷാജി കൈലാസ് എന്ന് വിളിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം. അദ്ദേഹത്തിന്റെ ഭാര്യ എന്ന പേരിൽ അറിയപ്പെടുന്നത് കൊണ്ടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണത്.
അദ്ദേഹം നല്ലൊരു ഗൃഹനാഥനാണ്. ടെൻഷൻ കഴിവതും ഒഴിവാക്കിയാണ് ഏട്ടൻ വീട്ടിലേക്കെത്താറുള്ളത്. ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ കഥകൾ എന്നോട് പറയാറുണ്ട്. അപ്പോൾ അഭിപ്രായവും വിമർശനവും ഞാൻ അറിയിക്കും. അതിനപ്പുറത്തേക്ക് ഒരു ചർച്ചയും വീട്ടിനുള്ളിൽ ഉണ്ടാവാറില്ല. പക്ഷെ കുട്ടികൾ വളർന്നപ്പോൾ അവരുടെ അഭിപ്രായങ്ങളും ഏട്ടൻ ചോദിച്ചു മനസ്സിലാക്കാറുണ്ട്.
ആദ്യമായി ഞങ്ങൾ തീയറ്ററിൽ പോയി കണ്ടത് സൽമാൻഖാനും മനീഷ കൊയ്രാളയും ഒരുമിച്ച് അഭിനയിച്ച ഖാമോഷി എന്ന ഹിന്ദി സിനിമയാണ്. പിന്നീട് സമയക്കുറവ് കാരണം തിയറ്ററിൽ പോകാൻ പറ്റിയിട്ടില്ല. മിക്ക പടങ്ങളുടെയും പ്രിവ്യൂസിനു പോകുമ്പോൾ ഏട്ടൻ എന്നെയും കൂട്ടും. കുട്ടികൾ വളർന്നതു മുതൽ ഞങ്ങൾ എല്ലാവരും കൂടി എല്ലാ സിനിമകളുടെയും ആദ്യ ഷോ തന്നെ തീയറ്ററിൽ പോയി കാണാൻ ശ്രമിക്കാറുണ്ട്. ലോക്ഡൗൺ ആയതിനുശേഷം നെറ്റ്ഫ്ലിക്സും ആമസോണും വഴിയാണ് സിനിമകൾ കാണുന്നത്.
വായിക്കാൻ എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് പുസ്തകങ്ങൾ ബാലരമയും കളിക്കുടുക്കയുമാണ്. അത് വായിക്കുമ്പോൾ മനസ്സിന് ഒരാശ്വാസമാണ്. ഏട്ടന്റെ അമ്മ എല്ലാദിവസവും പത്രം വായിച്ച് വാർത്തകൾ എനിക്ക് പറഞ്ഞുതരും. എനിക്കും അമ്മയ്ക്കും അതൊരു ശീലമായി. വായിക്കാനുള്ള എന്റെ മടി അറിയുന്നതുകൊണ്ട് ഏട്ടനും വാർത്തകൾ വായിച്ചു കേൾപ്പിക്കും. ടെൻഷൻ ഇല്ലാതെ എപ്പോഴും ലൈറ്റ് വെയിറ്റ് ആയിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
ഒരുപാട് വർഷങ്ങൾ കഴിഞ്ഞിട്ടും ആളുകൾ എന്നെ ശ്രുതിയായിട്ടാണ് ഇപ്പോഴും കാണുന്നത്. അതിൽ സന്തോഷമുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട വേഷങ്ങളിൽ ഒന്നാണത്. ശരിക്കും ആ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ല. ഞാൻ തന്നെയാണ് ശ്രുതി. വെറുതെ പറയുന്നതല്ല. ഇപ്പോഴും ആ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ല. ഷൂട്ടിങിനിടയിൽ ഒരിക്കൽ പോലും ഡയറക്ടർ കമൽ സർ എന്നെ വഴക്കു പറഞ്ഞില്ല. ഓരോ ഭാഗവും അദ്ദേഹം കൂടെ നിന്ന് പറഞ്ഞു തന്നാണ് ചെയ്യിപ്പിച്ചത്. കൂടാതെ എനിക്കാ സെറ്റിൽ നല്ല സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് അത്രയും നന്നായി ആ വേഷം ചെയ്യാൻ കഴിഞ്ഞത്. പിന്നെ ദൈവാനുഗ്രഹവും.
● അമ്മയാണെ സത്യത്തിലെ ആൺ വേഷമോ?
സംവിധായകന്റെയും ഈശ്വരന്റെയും അനുഗ്രഹത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ വേഷത്തെക്കുറിച്ച് മനസ്സിലാക്കിയപ്പോൾ അന്നത്തെ ആൺകുട്ടികളുടെ കുറേ മാനറിസം ആ സിനിമയ്ക്ക് വേണ്ടി ഞാൻ നോക്കി പഠിച്ചു. ആർട്ടിസ്റ്റ് എന്ന ആനിയിൽ ഉള്ള അഭിനയത്തെ കൃത്യമായി പുറത്ത് കൊണ്ടുവന്നത് ബാലചന്ദ്രമേനോൻ സാർ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക