സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്ത് വെള്ളിയാഴ്ച മരിച്ചയാള്‍ക്ക് കൊവിഡ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് അറിയിച്ചത്. വഞ്ചിയൂര്‍ സ്വദേശി എസ്. രമേശനാണ് (67) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20ആയി. മരണപ്പെട്ടയാള്‍ക്ക് എങ്ങനെയാണ് രോഗബാധ ഉണ്ടായതെന്നതു വ്യക്തമല്ല. ശ്വാസകോശ രോഗബാധിതനായിരുന്നു ഇയാൾ. അടുത്തിടെ ഇദ്ദേഹം ഹൃദ്രോഗത്തിനും ചികിത്സിച്ചിരുന്നു. കഴിഞ്ഞ 23ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വീട്ടിലേക്ക് മടക്കി. വെള്ളിയാഴ്ച ആരോഗ്യനില വഷളായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുൻപുതന്നെ മരിച്ചു. തുടര്‍ന്നാണ് സ്രവ പരിശോധന നടത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.
അതേസമയം സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗ ബാധയുണ്ടായിട്ടുള്ളത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവും മലപ്പുറത്ത് ഒരാള്‍ക്കും. ഇന്നലെ രോഗം ബാധിച്ചതില്‍ 49 പേര് വിദേശ രാജ്യങ്ങളിലും 23 പേര് ഇതര സംസ്ഥാനങ്ങളിലും നിന്നെത്തിയവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക