എന്നെ ഞാനാക്കി നിർത്താൻ പിന്തുണയ്ക്കുന്ന, എന്റെ സ്വപ്നങ്ങളെ താലോലിക്കുന്ന ഒരാൾ, എന്നെ മുഴുവനായി മനസിലാക്കുന്ന പാർട്ട്ണർ അതാകും സോള്‍മേറ്റ് എന്ന വിശേഷണം കൊണ്ട് എല്ലാവരും ഉദ്ദേശിക്കുന്നത്. ഒരിക്കല്‍ സന്തോഷത്തോടെ ഈ വാക്കുകള്‍ പറഞ്ഞവർ വേർപിരിഞ്ഞാലോ? ഇങ്ങനെയും അനവധി ബന്ധങ്ങള്‍ നമുക്കിടയില്‍ കൂടിച്ചേരുകയും വേര്‍പിരിയുകയും ചെയ്യുന്നുണ്ടെന്നാണ് പ്രമുഖ ‘ഡേറ്റിംഗ് കോച്ച്’ ആയ സിമ്രാന് മംഗാരം ചൂണ്ടിക്കാട്ടുന്നത്.
തന്റെ ആത്മമിത്രമെന്ന് വിശ്വസിച്ച ഒരാളില്‍ നിന്ന് വേര്‍പിരിയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് എന്താകാം! പ്രണയിച്ച്, വലിയ വഴക്കും പ്രശ്നങ്ങളുമെല്ലാം ഉണ്ടാക്കി വിവാഹിതരായവര്‍ പിന്നീട് പിരിയുകയാണെന്ന് കേള്‍ക്കുമ്പോള്‍ സുഹൃത്തുക്കളിലും ചുറ്റുമുള്ളവരിലുമെല്ലാം ഒരു അമ്പരപ്പ് ഉണ്ടാകാറില്ലേ, എന്തായിരിക്കും അവര്‍ക്കിടയില്‍ സംഭവിച്ചിരിക്കുക എന്ന സംശയം അല്ലെങ്കില്‍ ആകാംക്ഷ.
സത്യത്തില്‍ ഒരിക്കല്‍ ‘സോള്‍മേറ്റ്’ ആണെന്ന് തിരിച്ചറിഞ്ഞവര്‍ പിന്നീടുള്ള കാലം മുഴുവന്‍ അതേ ധാരണയില്‍ തുടരുക അത്ര ‘സിമ്പിള്‍’ അല്ലെന്നാണ് സിമ്രാന് വാദിക്കുന്നത്. ഓരോ വ്യക്തിക്കും കാലം ചെല്ലും തോറും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഘട്ടം, ഘട്ടമായി നമ്മള് മുന്നോട്ടുപോകുന്നുണ്ട്. ഇതിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ക്കനുസരിച്ച് മനപ്പൂര്‍വ്വമായോ അല്ലാതെയും പരസ്പരം ധാരണ ഉണ്ടായില്ലെങ്കില്‍ സ്വാഭാവികമായും ‘സോള്‍മേറ്റ്’ എന്ന സ്ഥാനത്തില്‍ വ്യതിയാനം വരുമെന്നാണ് ഇവര്‍ പറയുന്നത്.
‘വ്യക്തിപരമായി മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ പങ്കാളിയും അതിനോടൊപ്പം മാറിയെന്ന് വരില്ല. അത്തരത്തില്‍ മാറ്റം സംഭവിക്കുന്നുണ്ട് എങ്കില്‍, ആ മാറ്റം നമ്മളുടേതിന് സമാനമാണെങ്കില്‍ ജൈവികമായിത്തന്നെ ബന്ധം എപ്പോഴും പഴയ കെട്ടുറപ്പിലും സന്തോഷത്തിലും ആയിരിക്കും. ഇനി പങ്കാളി നമ്മുടെ മാറ്റത്തിന് അനുസരിച്ച് മാറുന്നില്ലെങ്കില്‍ അയാളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്താം. അതല്ലെങ്കില്‍ നമ്മള് എന്താണ് എന്ന് മനസിലാക്കിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ ആവാം. അങ്ങനെയും ബന്ധത്തിനെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാം. എന്നാല്‍ എല്ലായ്പോഴും സാഹചര്യങ്ങള്‍ ഇങ്ങനെയെല്ലാം ആകണമെന്നില്ല…’- സിമ്രാന് പറയുന്നു.
ജൈവികമായി സംഭവിക്കുന്ന പരസ്പരധാരണയെക്കാളധികം, അറിഞ്ഞുകൊണ്ട് നമ്മള് ചെയ്യേണ്ട ചില ഇടപെടുകളാണ് ബന്ധങ്ങളെ ശക്തമായി പിടിച്ചുനിര്‍ത്തുക. ഇത്തരത്തില്‍ മുന്നോട്ടുപോകാനായാല്‍ ‘സോള്‍മേറ്റ്’ എന്ന സ്ഥാനത്ത് ഒരിക്കല്‍ സ്ഥാപിച്ച ഒരു വ്യക്തിയെ പിന്നീട് വെറുക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക