സമൂഹമാധ്യമങ്ങൾ വഴി ചികിത്സാ സഹായ അഭ്യർഥന നടത്തിയതിനു പിന്നാലെ ഒരു കോടി രൂപയിലേറെ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയ സംഭവത്തിൽ നിയമവിരുദ്ധ പണം ഇടപാടു സംഘമെന്നു സംശയിക്കുന്നതായി ഡിസിപി ജി.പൂങ്കുഴലി ഐപിഎസ്. സംഭവത്തിനു ഹവാല, കുഴൽപ്പണ ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കും.
ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളിൽ എത്തിയത് അസ്വാഭാവികമായാണ് കാണുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കു നിർദേശിച്ചതായും ഡിസിപി പറഞ്ഞു. ചികിത്സാ ആവശ്യത്തിനുള്ളതു കിഴിച്ചുള്ള തുക യുവതിയിൽ നിന്നു തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ സുരക്ഷിത മാർഗം എന്ന നിലയിൽ കുഴൽപ്പണം വർഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണു പൊലീസ് അന്വേഷിക്കുന്നത്.
കണ്ണൂർ സ്വദേശിനിയായ വർഷ എന്ന യുവതിയാണ് അമ്മയുടെ കരൾ മാറ്റിവയ്ക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥന നടത്തിയത്. ഇതിന് സഹായിച്ച സാജൻ കേച്ചേരി എന്നയാൾ പണം തനിക്കു കൂടി കൈകാര്യം ചെയ്യാൻ സാധിക്കും വിധം അക്കൗണ്ട് മാറ്റണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായാണ് പൊലീസിനു പരാതി നൽകിയത്.
സമൂഹമാധ്യമങ്ങളിലൂടെ ഇദ്ദേഹവും സഹായികളും ഭീഷണിപ്പെടുത്തുകയും വ്യാജ പ്രചരണങ്ങൾ നടത്തുന്നതിന്റെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർദേശിച്ചതനുസരിച്ചായിരുന്നു വർഷ ഡിസിപിക്ക് പരാതി നൽകിയത്.
തുടർന്ന് എറണാകുളം ചേരാനല്ലൂർ സ്റ്റേഷന്റെ ചുമതലയുള്ള സബ് ഇൻസ്പെക്ടർ ലിജോ ജോസഫ് യുവതിയുടെ താമസ സ്ഥലത്തെത്തി പരാതി സ്വീകരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക