ഇന്ത്യൻ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരമാണ് കെടിഎം 250 ഡ്യൂക്ക്. ഇപ്പോൾ അടുത്തിടെ പരിഷ്ക്കരിച്ച 2020 മോഡലിനായുള്ള ഡെലിവറിയും കമ്പനി ആരംഭിച്ചു.
കമ്പനി ഡീലർഷിപ്പുകളിലും ഓൺലൈൻ പോർട്ടൽ വഴിയുമാണ് 250 ഡ്യൂക്കിന്റെ ബുക്കിംഗ് കെടിഎം സ്വീകരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ ഏകദേശം 4000 രൂപയോളം വില കൂടിയ പുതിയ ഡ്യൂക്ക് 250 മോഡലിന് പൂർണ എൽഇഡി ഹെഡ്ലാമ്പ്, സൂപ്പർമോട്ടോ മോഡ്, ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ എന്നിവ ലഭിക്കുന്നു.
390 ഡ്യൂക്കിൽ നിന്ന് കടമെടുത്തതാണ് ഈ ഒരു പൂർണ എൽഇഡി ഹെഡ്ലാമ്പ് യൂണിറ്റും ‘സൂപ്പർമോട്ടോ’ മോഡും എന്നത് ശ്രദ്ധേയമാണ്. 2020 കെടിഎം 250 ഡ്യൂക്കിൽ അതേ 248 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ തന്നെയാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്.
മുൻവശത്ത് 320 mm, പിൻവശത്ത് 230 mm ഡിസ്ക് ബ്രേക്കുകളാണ് കെടിഎം വാഗ്ദാനം ചെയ്യുന്നത്. ഡ്യുവൽ ചാനൽ എബിഎസും സുരക്ഷക്കായി ഡ്യൂക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സൂപ്പർമോട്ടോ മോഡ് എബിഎസ് ഓഫ് ചെയ്യാൻ സഹായിക്കുന്നു.
മുൻവശത്തെ 43 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ 10 സ്റ്റെപ്പ് ക്രമീകരിക്കാവുന്ന മോണോഷോക്കും വഴിയാണ് സസ്പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ കെടിഎം ഡ്യൂക്ക് 250 ന്റെ ഭാരം 169 കിലോഗ്രാം ആണ്. 13.5 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് മോട്ടോർസൈക്കിളിൽ കെടിഎം ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക