അറസ്റ്റിലായ അല്‍ഖ്വയ്ദ സംഘത്തിലെ പത്തോളം പേരെ തിരിച്ചറിഞ്ഞതായി എന്‍.ഐ.എ. കഴിഞ്ഞ ദിവസമായിരുന്നു അല്‍ഖ്വായ്ദ തീവ്രവാദികളായ 9 പേരെ കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നുമായി എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.
കളമശ്ശേരിയില്‍ നിന്നും അറസ്റ്റിലായ മുര്‍ഷിദ് ഹസനാണ് സംഘത്തിന്റെ നേതാവെന്നും എന്‍.ഐ.എ അറിയിച്ചു. പ്രതികളെ കൊച്ചിയില്‍ നിന്നും ദല്‍ഹിയിലേക്ക് കൊണ്ടുപോയി. ഇവരെ ചൊവ്വാഴ്ച പാട്യാല കോടതിയില്‍ ഹാജരാക്കും. തീവ്രവാദ സംഘത്തിലെ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന സൂചനകളും എന്‍.ഐ.എ നല്കി.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാപക അന്വേഷണത്തിന് കേരള പൊലീസ് തുടക്കം കുറിച്ചു. മുഴുവന്‍ അതിഥി തൊഴിലാളികളുടെയും വിവരം ശേഖരിക്കാനും പെരുമ്പാവൂര്‍, മൂവാറ്റുപുഴ, ആലുവ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനുമാണ് പൊലീസിന്റെ തീരുമാനം.
മുര്‍ഷിദ് ഹസന്, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന് എന്നിവരെയാണ് കേരളത്തില്‍ നിന്നും പിടികൂടിയത്. പശ്ചിമ ബംഗാളും കേരളവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടിരുന്നതെന്നും അന്വേഷണ ഏജന്‍സി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക