കണ്ണൂർ :അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ പാലയാട് അംബേദ്കര്‍ കോളനിയില്‍ നടപ്പാക്കിയ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ വൈകിട്ട് നാല് മണിക്ക് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന് നിര്‍വഹിക്കും. അംബേദ്കര്‍ കോളനിയില്‍ ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് വിശിഷ്ടാതിഥിയാകും.
കോളനിയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി കോളനിയില്‍ നടപ്പാക്കിയിരിക്കുന്നത്. കോളനിയിലെ 12 വീടുകളില്‍ കുടിവെള്ള വിതരണ ശൃംഖല പൂര്‍ത്തിയാക്കി.
43 വീടുകളില്‍ 1000 ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ടാങ്ക് നല്കി. 39 വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. കോളനിയിലെ വീതി കുറഞ്ഞ ഇടവഴികള്‍ വലുതാക്കി ഇന്റര്‍ലോക്ക് ചെയ്തു. പാതയുടെ വശങ്ങളിലുള്ള അനുമതി ലഭിച്ച മുഴുവന്‍ സ്ഥലത്തും സുരക്ഷാ ഭിത്തി നിര്‍മ്മിച്ചു. കോളനിയില്‍ ഉള്‍പ്പെട്ട രണ്ട് റോഡുകള്‍ ഇന്റര്‍ലോക്ക് ചെയ്തു.കമ്മ്യൂണിറ്റി ഹാള്‍ നവീകരിച്ചു. കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ലൈബ്രറിയും മുകളിലത്തെ നിലയില്‍ സ്മാര്‍ട്ട് കോണ്‍ഫറന്‍സ് ഹാളും സജ്ജീകരിച്ചു. 10 പച്ചക്കറി ചെടികള്‍ വീതം പൂര്‍ണ രീതിയില്‍ തയ്യാറാക്കി 40 വീടുകളില്‍ വിതരണം ചെയ്തു. അര്‍ഹരെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വീടുകളുടെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി.
2018 ജൂലൈയില്‍ ആണ് കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കോളനി നിവാസികളുടെ ആവശ്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്താണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ഇതിനായി പദ്ധതികള്‍ നടപ്പാക്കുന്നതിന് മുമ്പായി യോഗങ്ങള്‍ ചേരുകയും കോളനി നിവാസികളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയും ചെയ്തിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക