ജാപ്പനീസ് ഇരുചക്ര വാഹനനിർമ്മാതാക്കളായ ഹോണ്ട ഹൈനസ് CB350 എന്ന ക്രൂയിസർ മോഡലിനെ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. റോയൽ എൻഫീൽഡ് അടക്കിവാണിരുന്ന ശ്രേണി ലക്ഷ്യമിട്ടാണ് ഹൈനസ് CB350 വിപണിയിൽ എത്തുന്നത്. ബൈക്കിന്റെ ഡെലിവറി ഏതാനും ദിവസങ്ങൾക്ക് മുന്നെ കമ്പനി ആരംഭിച്ചിരുന്നു.
ബ്രാൻഡിന്റെ പ്രീമിയം ഡീലർഷിപ്പായ ബിഗ് വിങ്ങിലൂടെയാണ് ഈ ബൈക്ക് നിരത്തുകളിലെത്തുന്നത്. DLX, DLX പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിപണിയിൽ എത്തുക. ഇതിൽ DLX പതിപ്പിന് 1.85 ലക്ഷം രൂപയും DLX പ്രോ പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. റെട്രോ സ്റ്റൈലിൽ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈൻ ചെയ്തിരിക്കുന്നത്.
വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, സിംഗിൾ പോഡ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ക്രോം ഫിനിഷിങ്ങിലുള്ള ഫെൻഡറുകൾ, അൽപ്പം ഉയർന്ന് നിൽക്കുന്ന ക്രോമിയം ഫിനിഷിങ്ങിലുള്ള എക്സ്ഹോസ്റ്റ്, അലോയി വീലുകൾ, മികച്ച ഡിസൈനിലുള്ള ടെയിൽ ലാമ്പ് എന്നിവയാണ് ഡിസൈന്‍ സൗന്ദര്യം കൂട്ടുന്ന ഘടകങ്ങൾ.
ഫീച്ചറുകളുടെ കാര്യത്തിലും എതിരാളികളെക്കാൾ ഒരു പിടി മുന്നിലാണ് ഹൈനസ്. സ്മാർട്ട് ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റവും ഈ ബൈക്കിൽ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഫോണിലെത്തുന്ന കോളുകൾ സ്വീകരിക്കാനും, നാവിഗേഷൻ, സംഗീതം, മെസേജുകൾ തുടങ്ങിയവയെല്ലാം ഉപയോഗിക്കാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക