തൊടുപുഴ : കട്ടപ്പന കൈപ്പറ്റയിൽ അന്നമ്മയെ (50) 12 വർഷം മുൻപ് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ ഈട്ടിത്തോപ്പ് തേക്കുംകാനം ഭാഗത്ത് പതാലിൽ പ്ലാവിൽ വീട്ടിൽ ഗിരീഷ് (38) നെ ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തിൽ ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.
2008 ഓഗസ്റ്റ് രണ്ടിന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. അന്നമ്മയെ തലയ്ക്കടിച്ചു മാരകമായി പരുക്കേൽപിച്ച് മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കട്ടപ്പന പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചിരുന്നില്ല.
ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കെ.കെ.ജയചന്ദ്രൻ എംഎൽഎയുടെ അപേക്ഷ പ്രകാരം 2008 ഒക്ടോബറിൽ കേസിന്റെ തുടർ അന്വേഷണം കോട്ടയം ക്രൈംബ്രാഞ്ചിനെ സർക്കാർ ഏൽപിച്ചു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി അനവധി ആളുകളെ ചോദ്യം ചെയ്യുകയും സംശയിക്കപ്പെട്ട 19 വ്യക്തികളെ സംബന്ധിച്ച് വിശദമായ അന്വേഷണങ്ങൾ നടത്തുകയും ശാസ്ത്രീയ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത കൊല്ലപ്പെട്ട അന്നമ്മയുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുളള വസ്തുക്കളും രക്ത സാംപിളുകളും ശാസ്ത്രീയ പരിശോധന നടത്തി.
സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തിൽ ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക