കൊൽക്കത്തെ: ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നത് ജോത്സ്യന്റെ വാക്ക് വിശ്വസിച്ചെന്ന് ബംഗാളിലെ ബിജെപി എംപി സൗമിത്ര ഖാൻ. ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡലാണ് തിങ്കളാഴ്ച ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസില്‍ ചേർന്നത്.
സുജാതയുമായുള്ള വിവാഹബന്ധം വേർപ്പെടുത്താൻ ഒരുങ്ങുകയാണെന്ന് സൗമിത്ര ഖാൻ വ്യക്തമാക്കിയിരുന്നു. ഭാര്യ ചെയ്യുന്നത് വലിയ തെറ്റാണെന്നും രാഷ്ട്രീയം തന്റെ വിവാഹജീവിതം നശിപ്പിച്ചെന്നും വാർത്താസമ്മേളനത്തിൽ സൗമിത്ര കരഞ്ഞു പറഞ്ഞു.
ജോത്സ്യന്റെ വാക്ക് വിശ്വസിച്ചാണ് ഭാര്യ തൃണമൂലിൽ ചേർന്നതെന്നാണ് സൗമിത്ര ഖാൻ പറയുന്നത്. പാർട്ടി മാറിയാൽ ഉന്നത പദവികൾ ലഭിക്കുമെന്ന് ജോത്സ്യൻ പറഞ്ഞതായി അദ്ദേഹത്തിന്റെ വാക്കുകൾ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
തന്റെ വിവാഹബന്ധവും കുടുംബവും തകർത്തതിന് തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെയും സൗമിത്ര ഖാൻ കുറ്റപ്പെടുത്തുന്നു. ”എന്റെ കുടുംബത്തിന്റെ ലക്ഷ്മിയെ തൃണമൂൽ കവർന്നെടുത്തു.
എന്ത് പദവിയാണ് അവർ വാഗ്ദാനം ചെയ്തതെന്ന് അറിയില്ല. അവർ മുഖ്യമന്ത്രിയാക്കട്ടെ. എനിക്ക് ഒന്നേ പറയാനുള്ളൂ. അവരുടെ പേരിൽ നിന്ന് എന്റെ പേര് ഒഴിവാക്കണം”- സൗമിത്ര ഖാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക