ന്യൂഡൽഹി: സിക്കിമിലെ സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ചൈന. അതിർത്തിയിൽ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു. സംഘർഷത്തിൽ നിരവധി ചൈനീസ് സൈനികർക്ക് പരിക്കേറ്റതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
നിങ്ങൾ പരാമർശിച്ച സംഭവത്തെ കുറിച്ച് എന്റെ പക്കൽ കൂടുതൽ വിവരങ്ങൾ ഒന്നുമില്ല. ഇന്ത്യയുമായുള്ള അതിർത്തികളിൽ ശാന്തിയും സമാധാനവും ഉയർത്തിപ്പിടിക്കാൻ ചൈനീസ് സൈന്യം പ്രതിജ്ഞാബദ്ധമാണ്. അതിർത്തിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ നിന്നും ഇന്ത്യൻ സൈന്യം വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെടുന്നു’. ഷാവോ ലിജിയൻ പറഞ്ഞു.
ജനുവരി 20നാണ് സിക്കിം അതിർത്തിയിൽ ഇന്ത്യ, ചൈനീസ് സൈനികർ തമ്മിൽ കയ്യാങ്കളി ഉണ്ടായത്. നാകുലയിൽ ഉണ്ടായ സംഘർഷത്തിൽ 20 ചൈനീസ് സൈനികർക്കും 4 ഇന്ത്യൻ സൈനികർക്കും പരിക്കേറ്റെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഉന്നത സൈനിക ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യ – ചൈന ഒൻപതാം ഘട്ട ചർച്ചയ്ക്ക് മുൻപാണ് സംഘർഷമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക