കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സി പി എമ്മിലെ അഡ്വ. ബിനോയ് കുര്യന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. രാവിലെ 11ന് തുടങ്ങിയ വോട്ടെടുപ്പില്‍ യുഡിഎഫ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ഥിയായ എസ് കെ ആബിദ ടീച്ചറെ ഏഴിനെതിരെ 16 വോട്ടുകള്‍ക്കാണ് ബിനോയ് കുര്യന് പരാജയപ്പെടുത്തിയത്. ക്വാറന്റൈനിലായതിനെ തുടര്‍ന്ന് കടന്നപ്പള്ളി ഡിവിഷനിലെ എല്‍ഡിഎഫ് അംഗം ടി തമ്പാന് മാഷിന് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. ബാക്കി 23 അംഗങ്ങളാണ് വോട്ട് ചെയ്തത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചു.
യു ഡി എഫ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് തില്ലങ്കേരി ഡിവിഷനിലെ തെരഞ്ഞെടുപ്പ് നീട്ടിയതിനാല്‍ ഇ വിജയന് മാസ്റ്ററെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് താല്‍ക്കാലികമായി തെരഞ്ഞെടുത്തിരുന്നു. ജനുവരി 21ന് തില്ലങ്കേരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിനോയ് കുര്യന് വിജയിച്ചതോടെ വിജയന് മാസ്റ്റര്‍ വൈസ് പ്രസിഡണ്ട് സ്ഥാനം രാജി വെക്കുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, ജില്ലാപഞ്ചായത്തംഗങ്ങള്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക