ഒരു കാലത്തു രാഷ്ട്രീയ നേതാക്കളുടേയും പ്രവര്‍ത്തകരുടേയുമെല്ലാം പ്രവാഹത്താല്‍ വീര്‍പ്പുമുട്ടിയിരുന്ന ആലപ്പുഴ ചാത്തനാട്ടെ കളത്തില്‍ പറമ്പില്‍ തറവാട് ഇപ്പോള്‍ ഏറെക്കുറെ ശൂന്യം. കേരള സംസ്ഥാനം രൂപവത്കരിച്ച ശേഷം 2011 വരെ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിച്ച കല്ലുപുരക്കല്‍ രാമന് ഗൗരിയെന്ന കെ.ആര് ഗൗരിയമ്മയുടെ വീടാണിത്.
1948നു ശേഷം ഗൗരിയമ്മ മത്സരിക്കാത്ത ആദ്യ തെരഞ്ഞെടുപ്പായിരുന്നു 2016 ലേത്. എങ്കിലും കഴിഞ്ഞ തവണ ജെ.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സജീവമായിരുന്നു.
2011ലെ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍ മത്സരിച്ചപ്പോള്‍ ഗൗരിയമ്മ തന്റെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടമായാണ് അതിനെ കണ്ടിരുന്നതെന്ന് അടുപ്പക്കാര്‍ പറയുന്നു. തുടര്‍ച്ചയായ രണ്ടു പരാജയം താങ്ങാവുന്നതായിരുന്നില്ല.
അതിനാല്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി. എഫുമായി പിണങ്ങി ഇടതുപാളയത്തിലേക്ക് മടങ്ങുകയായിരുന്നു.
കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായ ഗൗരിയമ്മയുടെ റെക്കോഡ് ആരും തകര്‍ത്തിട്ടില്ല. 2006 മാര്‍ച്ച് 31ന് 16,832 ദിവസം നിയമസഭാംഗമായിരുന്ന ഗൗരിയമ്മ തന്നെയാണ് ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിതയും.
1948ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് മത്സരിച്ചുകൊണ്ടാണ് ഗൗരിയമ്മ തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കിറങ്ങുന്നത്. 1952, 1956 തിരുകൊച്ചി നിയമസഭകളിലും അംഗമായിരുന്നു. കേരളപ്പിറവിക്ക് ശേഷം 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ ഒരിക്കല്‍ പോലും മാറി നിന്നിട്ടില്ലാത്ത ഗൗരിയമ്മ നാല് തവണ മാത്രമാണു പരാജയപ്പെട്ടത്.
1948ലെ കന്നിയങ്കത്തില്‍ പരാജയപ്പെട്ട ഗൗരിയമ്മയെ 2011ലെ അവസാന അങ്കത്തിലും വിജയം തുണച്ചില്ലെന്നത് യാദൃശ്ചികം . 1977, 2006 തെരഞ്ഞെടുപ്പുകളിലായിരുന്നു മറ്റു രണ്ട് തോല്‍വികള്‍. 17 വട്ടം നിയമസഭയിലേക്ക് മത്സരിച്ച ഗൗരിയമ്മ 13ലും വിജയിച്ചു. 1967, 80, 87, 96, 2001 വര്‍ഷങ്ങളില്‍ മന്ത്രിയായിരുന്നു.
1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍ നിന്ന് ജനവിധി തേടിയ ഗൗരിയമ്മ 1960ലും ഇവിടെ തന്നെ മത്സരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പോടെ സി.പി.എമ്മിലെത്തി 1965, 67, 70, 80, 82, 87, 91 തെരഞ്ഞെടുപ്പുകളില്‍ അരൂരില്‍ നിന്ന് ജനവിധി തേടി. 67, 80, 87 വര്‍ഷങ്ങളില്‍ മന്ത്രിയുമായി.
സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം രൂപം കൊടുത്ത ജനാധിപത്യ സംരക്ഷണ സമിതി, യു. ഡി.എഫിന്റെ ഭാഗമായി നാല് തവണ മത്സരിച്ചപ്പോള്‍ മൂന്ന് വട്ടവും അരൂരില്‍ നിന്നായിരുന്നു ഗൗരിയമ്മയുടെ പോരാട്ടം. 1996, 2001 വര്‍ഷങ്ങളില്‍ വിജയിച്ചു. 2006 ല്‍ പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക