ബ്ലാക്ക് ഫംഗസ് തുടക്കത്തിലേ കണ്ടെത്തുന്നതു ചികിത്സയിലും രോഗമുക്തിയിലും നിർണായകമാണെന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഇഎൻടി വിഭാഗം മേധാവിയും സീനിയർ ഇഎൻടി സർജനുമായ ഡോ. പ്രശോഭ് സ്റ്റാലിൻ.
നിയന്ത്രിതമല്ലാത്ത രീതിയിൽ പ്രമേഹമുള്ളവരും കോവിഡ് ബാധയെ തുടർന്ന് സ്റ്റിറോയ്ഡ് അമിതമായി ഉപയോഗിച്ചവരും അതീവ ജാഗ്രത പുലർത്തണമെന്നു ഡോ. പ്രശോഭ് പറഞ്ഞു.
ബ്ലാക്ക് ഫംഗസ് ബാധിച്ച രോഗിയെ ചികിത്സിച്ച ഡോക്ടർ കൂടിയാണു പ്രശോഭ്. മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ബാധിതനാകുന്ന രോഗി വളരെ വേഗം ഗുരുതരമായ അവസ്ഥയിലെത്താം.
ആദ്യ ലക്ഷണങ്ങൾ തന്നെ തിരിച്ചറിയുകയും ചികിത്സ തേടുകയും വേണം. ഫംഗസ് ബാധയുണ്ടാകുന്നവർക്കു ശസ്ത്രക്രിയ്ക്കു പുറമേ, ശക്തിയേറിയതും വിലയേറിയതുമായ ആന്റി ഫംഗൽ മരുന്നുകളും കുറച്ചു കാലം ഉപയോഗിക്കേണ്ടിവരുമെന്നു ഡോക്ടർ പറഞ്ഞു.
ബ്ലാക്ക് ഫംഗസ്
കറുത്ത നിറമായതുകൊണ്ടല്ല ഇവയെ ബ്ലാക്ക് ഫംഗസ് എന്നു വിളിക്കുന്നത്. ഈ ഫംഗസ് ബാധിക്കുന്ന ശരീര ഭാഗം കറുത്തു സംവേദന ക്ഷമമല്ലാത്ത രീതിയിലായി മാറും.
മൂക്കിലൂടെയാണു പ്രധാനമായി ശരീരത്തിന് ഉള്ളിലെത്തുന്നത്. മൂക്കിൽ നിന്നു രണ്ടു രീതിയിൽ മറ്റു ശരീരഭാഗങ്ങളിലേക്കു പടരാം. 1. മൂക്കിൽ നിന്നു നേരിട്ടു കണ്ണുകളിലേക്കും മറ്റുമെത്താം. 2. രക്തത്തിൽ കലർന്നു രക്തക്കുഴൽ വഴി ശരീരത്തിന്റെ ഏതു ഭാഗത്തുമെത്താം.
ലക്ഷണങ്ങൾ
മൂക്കിൽ വരൾച്ച, കട്ടപിടിക്കൽ, രക്തം വരിക, മൂക്കിൽ കറുത്ത നിറം കാണുക, മുഖത്തു നീര്, ഒരു വശത്തുള്ള തലവേദന, കണ്ണിലെ വേദന തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ.
പോംവഴി
ഫംഗസ് ബാധിച്ച ശരീര ഭാഗം ഉടൻ പൂർണമായി നീക്കം ചെയ്യുകയെന്നതു മാത്രമാണു പോംവഴി. കണ്ണിനെയാണു ബാധിക്കുന്നതെങ്കിൽ കണ്ണു തന്നെ പൂർണമായി നീക്കം ചെയ്യേണ്ടി വരും.
രക്തത്തിൽ കലർന്ന ഫംഗസുകളെ നീക്കം ചെയ്യാൻ ശക്തമായ ആന്റി ഫംഗൽ ഇൻജക്ഷനുകളും മരുന്നുകളും മാസങ്ങളോളം കഴിക്കണം. രോഗം ബാധിച്ചവരിലെ മരണ നിരക്കു കൂടുതലാണെന്നതും മരുന്നുകൾക്കു ചെലവേറെയാണെന്നുള്ളതുമാണു പ്രശ്നം.
കോവിഡ് ബന്ധം
കോവിഡ് ബാധിതരിൽ ഡയബറ്റിക് കീറ്റോഅസിഡോസിസ് എന്ന അവസ്ഥയുണ്ടാകും. അശാസ്ത്രീയമായ സ്റ്റിറോയ്ഡ് ഉപയോഗം പ്രതിരോധ ശേഷി കുറയ്ക്കാനും പ്രമേഹം വർധിക്കാനും കാരണമാകും.
ഇതുമൂലം രക്തത്തിൽ കൂടുതലായി ഉണ്ടാകുന്ന സി അയണാണു ഫംഗസിന്റെ വളർച്ചയ്ക്കു സഹായിക്കുന്നത്. ഫംഗസ് മൂക്കിലെത്തിയാൽ 3–4 ദിവസത്തിനുള്ളിൽ നേരിട്ടു പടർന്നു കണ്ണുകളെ ബാധിക്കാം.
രക്തത്തിൽ കലർന്ന് രക്തക്കുഴലുകൾ വഴി ശ്വാസകോശം, ഹൃദയം തുടങ്ങി ഏത് അവയവത്തിലുമെത്തി അവിടുത്തെ കോശങ്ങളെ നശിപ്പിക്കും. ആ ഭാഗം മുറിച്ചു മാറ്റുക മാത്രമാണു രക്ഷാമാർഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക