മുഴുവൻ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനത്തിൽ കൃത്യനിഷ്ഠ പാലിക്കണമെന്നും ജീവനക്കാരാകെ സ്മാർട്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിശ്ചയിക്കപ്പെട്ട പ്രവൃത്തിസമയം ജീവനക്കാർ പൂർണമായി സീറ്റിലുണ്ടാവണം. എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിർമ്മിതിയും സിവിൽ സർവീസും എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മാറുന്നതോടെ, കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനായി, ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കൂടുതൽ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും. പഞ്ച് ചെയ്ത ഉദ്യോഗസ്ഥർ ഓഫീസിൽ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല മേലുദ്യോഗസ്ഥര്ക്കാണ്. അവർ ആ കർത്തവ്യം കൃത്യമായി പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കും.
എല്ലാ വകുപ്പുകളിലും ഫയൽ തീർപ്പാക്കൽ അടിയന്തരമായി നടത്തണം. ഫയലുകൾ പെൻഡിംഗ് ഇല്ലെന്ന് ഉറപ്പുവരുത്തണം. ഒരു ഉദ്യോഗസ്ഥൻ ഓഫീസിൽ ഹാജരില്ലെന്നത് ആ സെക്ഷനിലെ ഫയൽ നീക്കത്തിന് പ്രതിബന്ധമാകരുത്. ആളില്ലാത്ത കാരണത്താൽ ഒരു ദിവസം പോലും ജനസേവനം മുടങ്ങാൻ പാടില്ല. സർക്കാർ ഓഫീസുകളിലെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഫയൽനീക്കത്തിലെ നൂലാമാലകൾ അവസാനിച്ചിട്ടില്ല. മനഃപൂർവം നൂലാമാലകൾ സൃഷ്ടിച്ച് ഫയൽ താമസിപ്പിക്കുന്ന മനോഭാവവും പൂർണമായി മാറിയിട്ടില്ല. സഹപ്രവർത്തകരായ ജീവനക്കാരോടു പോലും ഇതാണ് മനോഭാവം. ഇതിൽ ചില മാറ്റങ്ങൾ കൊണ്ടുവരാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
ഫയൽ തീർപ്പാക്കലിന് ഏറ്റവും കുറഞ്ഞ സമയപരിധി നിശ്ചയിക്കും. നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രൊമോഷനും ആനുകൂല്യങ്ങളും തടഞ്ഞുവയ്ക്കുക, ഇഷ്ടക്കാർക്കു വേണ്ടി മാസങ്ങളോളം സീറ്റ് ഒഴിച്ചിടുക, പ്രധാനപ്പെട്ട സീറ്റുകൾ നൽകുന്നതിനായി പാരിതോഷികം സ്വീകരിക്കുക തുടങ്ങി പുരോഗമന സ്വഭാവമുള്ള കേരളത്തിന് യോജിക്കാത്ത നടപടികളാണ് ചില ഓഫീസുകൾ കേന്ദ്രീകരിച്ചു നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളാണ് സർക്കാർ സംവിധാനത്തിന്റെയാകെ യജമാനൻമാർ എന്ന യാഥാർത്ഥ്യം എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാർ കാര്യാലയങ്ങൾ ജനങ്ങൾക്കു വേണ്ടിയുള്ളതാണെന്ന ചിന്ത ജീവനക്കാർക്ക് ഉണ്ടാവണം. ഏതൊരു സർക്കാർ ഓഫീസിലും എത്തുന്ന പൊതുജനങ്ങളോട് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണം. സർക്കാർ ഉദ്യോഗസ്ഥർ വലിയ സുഖ സൗകര്യങ്ങളിൽ മാത്രം കഴിയുന്നവരാണെന്ന ചിന്ത ജനങ്ങളുടെ മനസിൽ നിന്നു മാറ്റണം. നവകേരള നിർമ്മിതിയും സിവിൽ സർവീസും എന്ന വിഷയത്തിൽ കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക