ഇടുക്കിയിൽ വീട്ടമ്മയെ കത്തിച്ച് കൊന്ന കേസിൽ സഹോദരീപുത്രൻ അറസ്റ്റിൽ. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് വീട്ടിൽ ഉറങ്ങിക്കിടന്ന 75കാരിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്. മുട്ടം തോട്ടുങ്കര ഊളാനിയിൽ സരോജിനി (75)യാണ് കൊല്ലപ്പെട്ടത്. വെള്ളത്തൂവൽ വരകിൽ വീട്ടിൽ സുനിൽകുമാർ (52) ആണ് പൊലീസ് പിടിയിലായത്. ആറു വർഷമായി സരോജിനിയുടെ വീട്ടിൽ സഹായിയായി താമസിക്കുകയായിരുന്നു സുനിൽ. അവിവാഹിതയായ സരോജിനിക്ക് 2 ഏക്കർ സ്ഥലം അടക്കം 6 കോടി രൂപയുടെ സ്വത്തുണ്ട്.
ഇതിന് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. മൂന്നു വർഷം തൊടുപുഴ താലൂക്ക് ഓഫീസിലെത്തി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സരോജിനിക്ക് തന്നെയാണെന്ന് സുനിൽ ഉറപ്പുവരുത്തിയിരുന്നു.
സ്വത്തുക്കൾ തനിക്ക് നൽകാമെന്ന് സരോജനി പറഞ്ഞിരുന്നതായി സുനിൽ പൊലീസിനോട് പറഞ്ഞു. എന്നാൽ രണ്ട് സഹോദരിമാരുടെയും ഒൻപത് മക്കളുടെയും പേരിൽ സ്വത്ത് വീതം വച്ചു നൽകിയതാണ് പ്രതിക്ക് വൈരാഗ്യത്തിന് കാരണമായതെന്നും കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
റേഷൻകടയിൽ നിന്നു പല തവണയായി മണ്ണെണ്ണ വാങ്ങി സുനിൽ രഹസ്യമായി സൂക്ഷിച്ചു. രാത്രി ഒന്നരയോടെ ഉറങ്ങിക്കിടന്ന സരോജിനിയെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു കൊല്ലുകയായിരുന്നു. എന്നിട്ട് വീട്ടമ്മ പാചകവാതകം തുറന്നുവിട്ട് സ്വയം ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. എന്നാൽ മൊഴികളിലെ വൈരുദ്ധ്യം സുനിലിനെ കുടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക