സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരുന്നതായാണ് റിപ്പോർട്ട്. അടുത്ത മണിക്കൂറുകളിലും കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം, കനത്ത മഴ തുടർന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെയും തിങ്കളാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് അറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മണിക്കൂറിൽ പരമാവധി അമ്പതു കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കടലാക്രമണ ഭീഷണിയും നിലനിൽക്കുന്നതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക