ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്കി നടിയും അവതാരകയുമായ ആര്യ. തനിക്ക് നേരിടേണ്ടി വന്നൊരു അനുഭവവും അതില്‍ നിന്നും രക്ഷപ്പെട്ടതുമെല്ലാം ആര്യ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ഒരുപാട് പേര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ്. സ്വന്തമായൊരു ബൊട്ടീകും സാരികളുടെ ഒരു ബ്രാന്‍ഡും നടത്തുന്നുണ്ട് ആര്യ. ഓണ്‍ലൈന്‍ ആയും വില്‍പ്പന നടക്കുന്നുണ്ട്. ഇതിനിടെയായിരുന്നു സംഭവം. നടന്ന സംഭവത്തെക്കുറിച്ച് ആര്യ പറഞ്ഞത് വിശദമായി തന്നെ വായിക്കാം.
കഴിഞ്ഞ ദിവസം എനിക്ക് ഒഫീഷ്യല്‍ നമ്പറിലേക്ക് ഒരു മെസേജ് വന്നു. ഒരു സാരിയുടെ ഓര്‍ഡര്‍ ആയിരുന്നു. ഷിപ്പിംഗ് നടത്തേണ്ടിയിരുന്നത് ഗുജറാത്തിലേക്കായിരുന്നു. ഷിപ്പിംഗ് ചാര്‍ജ് ആയ 300 രൂപയടക്കം 3300 രൂപ അടയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഗൂഗിള്‍ പേ ചെയ്യാമെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് പണം അയച്ചതിന്റെ സ്ക്രീന്‍ഷോട്ടും അയച്ചു തന്നതായി ആര്യ പറയുന്നു. എന്നാല്‍ നോക്കുമ്പോള്‍ കണ്ടത് 13300 രൂപ അയച്ചതായിട്ടായിരുന്നു കണ്ടത്. അവര്‍ക്ക് തുക തെറ്റി പോയെന്ന് താന്‍ കാണിച്ചു കൊടുത്തുവെന്നും ആര്യ പറയുന്നു.
തുടര്‍ന്ന് 10000 രൂപ തിരികെ അയക്കാന്‍ നോക്കി. അപ്പോഴായിരുന്നു ഈ നമ്പറിലേക്ക് പണം അയക്കരുതെന്ന് ഗൂഗിള്‍ പേ അലര്‍ട്ട് തരുന്നത്. ആദ്യമായിട്ടാണ് ഗൂഗിള്‍ പേ ഇങ്ങനൊരു അലര്‍ട്ട് തരുന്നത്. അതുകൊണ്ട് താന്‍ സഹോദരനുമായി സംസാരിച്ചു. പണം അയക്കരുതെന്നായിരുന്നു സഹോദരന് പറഞ്ഞതെന്നും ആര്യ പറയുന്നു.
ഇതേസമയം പണം തിരികെ അയക്കണമെന്ന് കസ്റ്റമര്‍ നിരന്തരം വാട്സ്ആപ്പില്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. ഗൂഗിള്‍ പേയില്‍ വന്ന മെസേജ് വീണ്ടും നോക്കിയപ്പോഴാണ് അത് പണം ക്രെഡിറ്റ് ആയതിന്റെ നോട്ടിഫിക്കേഷന്‍ അല്ലെന്നും മറിച്ച് പണം തട്ടിയെടുക്കാനായി വെറുതെ ടൈപ്പ് ചെയ്ത് അയച്ച മെസേജ് ആണെന്ന് മനസിലായതെന്നും ആര്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക