കണ്ണൂർ: ഇ-ബുൾ ജെറ്റ് വ്ലോഗർ സഹോദരങ്ങളായ എബിൻ വർഗീസിനും ലിബിനുമെതിരെ മോട്ടർ വാഹന വകുപ്പ് ചുമത്തിയത് ഒമ്പത് നിയമലംഘനങ്ങൾ. ഇരുവരെയും റിമാൻഡ് ചെയ്തു.
ഉദ്യോഗസ്ഥർ തങ്ങളെ മർദ്ദിക്കുന്നു എന്നാക്രോശിച്ച് തത്സമയം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു.
വാൻ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇ-ബുൾ ജെറ്റിന്റെ വാനായ ‘നെപ്പോളിയൻ’ ഒൻപതു നിയമലംഘനങ്ങൾ നടത്തിയെന്നാണ് മോട്ടർ വാഹന വകുപ്പ് നൽകിയ ചെക്ക് റിപ്പോർട്ടിൽ പറയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മോട്ടർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം 42,000 രൂപ പിഴയിട്ടിരുന്നു.
എബിൻ വർഗീസിന്റെ പേരിലാണ് വാൻ. ടാക്സ് പൂർണമായി അടച്ചില്ല, വാഹനത്തിന്റെ നിറം മാറ്റി, അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചു, ഗ്ലാസുകളിലും വാഹനത്തിലും സ്റ്റിക്കർ ഒട്ടിച്ചു, അപകടകരമായ രീതിയിൽ വാനിനു പിന്നിൽ സൈക്കിളുകൾ ഘടിപ്പിച്ചു തുടങ്ങിയ നിയമലംഘനങ്ങളാണ് ചൂണ്ടിക്കാട്ടിയത്.
പിഴ ഒടുക്കാൻ വിസമ്മതിച്ച ഇവർ ഓഫീസിൽ ബഹളമുണ്ടാക്കി. മർദ്ദിക്കുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരോട് കയർത്തു. സോഷ്യൽ മീഡിയയിൽ ഇവർ നടത്തിയ പ്രചാരണത്തെ തുടർന്ന് കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂട്യൂബർമാരുടെ ഫോളോവേഴ്സ് ഓഫീസ് പരിസരത്ത് തടിച്ച് കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക