ഇക്കൊല്ലത്തെ ഓണം 2021 ഓഗസ്റ്റ് 21നു ശനിയാഴ്ചയാണ്. അത്തം ഓഗസ്റ്റ് 12നു വ്യാഴാഴ്ചയും അത്തപ്പൂക്കളം ഇട്ടുതുടങ്ങേണ്ടത് ഇന്ന് മുതലാണ്.
കേരളത്തിലെ ഓണാഘോഷത്തിനു തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും 12നു തന്നെയാണ്. അത്തം കഴിഞ്ഞ് പത്താം ദിവസമായ 21ന് പൊന്നോണവും വരും.
എന്നാൽ അത്തം മുതല്‍ തിരുവോണം വരെ പൂക്കളമിടാനുള്ള തിരക്കുകൂട്ടലൊന്നും ഇക്കുറിയില്ല. സ്കൂളും കോളേജും ആഘോഷവുമില്ലാത്തതിനാല് പൂ വിപണിയില്‍ വലിയ അനക്കമൊന്നുമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
2018 ലെ പ്രളയം മുതല്‍ ദുരിതമനുഭവിക്കുന്നവരാണ് പൂ കച്ചവടക്കാര്‍. ശേഷം വന്ന കൊവിഡും വിപണിയെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളെല്ലാം റദ്ദാക്കിയതോടെ വ്യാപാരികള്‍ കനത്ത നഷ്ടത്തിലാണിപ്പോള്‍. പൂ വിപണിയുമായി ബന്ധപ്പെട്ട് നില്ക്കുന്ന നിരവധി തൊഴിലാളുടെ വരുമാന മാര്‍ഗമാണ് നഷ്ടപ്പെട്ടത്.
ഹൊസൂര്‍, ഡിണ്ടിഗല്‍, തെങ്കാശി എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയില്‍ പൂക്കള്‍ എത്തുന്നത്. കാലവര്‍ഷം കനക്കുന്നതിനാല്‍ മഴയില്‍ നനഞ്ഞ് പൂക്കള്‍ അഴുകി നശിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം പൂക്കളുടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധികാരണം ദുരിതത്തിലായ കര്‍ഷകരില്‍ ഭൂരിഭാഗവും ഇക്കുറി പൂക്കള്‍ കൃഷി ചെയ്യാത്തതാണ് വില വര്‍ദ്ധിക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക