മധ്യപ്രദേശ്: മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തിൽ മഴ ലഭിക്കാൻ വേണ്ടി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നയാക്കി വീടുകൾ തോറും ഭിക്ഷാടനം നടത്തിച്ചു. ഗ്രാമത്തിലെ ആചാരപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നയാക്കി ഭിക്ഷാടനം നടത്തിക്കുന്നതിലൂടെ മഴ ലഭിക്കുമെന്നാണ് വിശ്വാസം. ചുമലിൽ ഒരു ഉലക്കയുമായിട്ടാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നടത്തിച്ചത്.
ഓരോ വീടുകളിൽ നിന്നും ധാന്യം ശേഖരിച്ച ശേഷം ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരത്തിൽ ഈ ധാന്യം സമർപ്പിക്കും. ഈ സമയത്ത് ആചാരപ്രകാരം എല്ലാ ഗ്രാമവാസികളും ഇവിടെ ഹാജരാകണം. ഇതുമൂലം മഴ ലഭിക്കുമെന്നാണ് ഗ്രാമത്തിലുള്ള ആളുകൾ വിശ്വസിക്കുന്നത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളും കൂടെ ഉണ്ടായിരുന്നു.
ഈ പ്രദേശത്ത് മഴ കുറവായത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ആചാരം എല്ലാവർഷവും ഇവിടെ നടത്താറുണ്ടെന്നു ദാമോഹ് പോലീസ് സൂപ്രണ്ട് ഡി.ആർ.ടെനിവാർ പറയുന്നു. കുടുംബത്തിലുള്ളവർ തന്നെയാണ് ഇതിന് മുൻകൈയെടുക്കുന്നത്. ഏതെങ്കിലും തരത്തിൽ കുട്ടി നിർബന്ധിതമായി ഇതിന് വിധേയയാകുന്നുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. നിർബന്ധിതമായാണ് ചടങ്ങ് നടത്തുന്നതെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും ടെനിവാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക