കണ്ണൂര്‍: ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. 18 പഠന കേന്ദ്രങ്ങളില്‍ നിന്നായി പഠിച്ച് വിജയം കൈവരിച്ച 28 പേരെയാണ് അനുമോദിച്ചത്.
ഫുള്‍ എപ്ലസ് നേടിയ 59കാരനായ വി വി പ്രേമരാജന്‍, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഷൈറീന, ചിറക്കല്‍ പഞ്ചായത്തംഗം പി വി അനില, ആറളം പഞ്ചായത്തംഗം യു എസ് ബിന്ദു, എന്നീ ജനപ്രതിനിധികളും ദമ്പതികള്‍ ഭിന്നശേഷിക്കാരായവരും ഉന്നതവിജയം നേടിയവരില്‍ ഉള്‍പ്പെടുന്നു. 100 ശതമാനം നേടിയ മാത്തില്‍ പഠനകേന്ദ്രത്തിന്റെ സെന്‍ട്രല്‍ കോ ഓര്‍ഡിനേറ്റര്‍ രാധാമണിയെയും ചടങ്ങില്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്, സെക്രട്ടറി വി ചന്ദ്രന്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ വിനോദ് കുമാര്‍, സംസ്ഥാന സാക്ഷരതാ മിഷന് അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്, അക്കാദമിക് കണ്‍വീനര്‍ വി ആര് വി ഏഴോം, ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജൂ ജോണ്‍, കെ കുര്യാക്കോസ,് പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക