തിരുവനന്തപുരം: നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാൻ ഇന്ന് മുതൽ നിരാഹാരം കിടക്കുമെന്ന് അനുപമ എസ് ചന്ദ്രൻ. സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം കിടക്കാനാണ് തീരുമാനം. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു.
അതിനിടെ സംഭവത്തിൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും കൃത്രിമമെന്ന വിവരം പുറത്തുവന്നു. ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പിതാവിന്റെ പേരും, മാതാപിതാക്കളുടെ മേൽവിലാസവും തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ സമയത്ത് നൽകിയ വിവരമനുസരിച്ചാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനനസർട്ടിഫക്കറ്റ് തയ്യാറാക്കിയത്. കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തു നൽകിയിരിക്കുന്നത് ജയകുമാർ എന്ന പേരാണ്.
അനുപമയുടെയും അജിത്തിന്റെയും സ്ഥിരമായ മേൽവിലാസം പേരൂർക്കട ആയിരുന്നിട്ടും മറ്റൊരു മേൽവിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മയിൽ നിന്നു കുഞ്ഞിനെ വേർപ്പെടുത്താൻ ആസൂത്രിതമായി ഇടപെട്ടു എന്നത് തെളിയിക്കുന്നതാണ് രേഖകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക