തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെയാണ് പി.ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോൺഗ്രസ് നേതാവും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ്. അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ഇന്ന് രാവിലെയാണ് മരണപ്പെടുന്നത്. 2009-14 ലോക്സഭയിൽ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12നാണ് ജനനം. പരിസ്ഥിതി വിഷയങ്ങളിൽ സ്വീകരിച്ച ശക്തമായ നിലപാടിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം. ഗാഡ്ഗിൽ വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച അനുകൂലമായ നിലപാട് ശ്രദ്ധേയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക