സമൂഹമാധ്യമങ്ങൾ എന്നും ഓരോ വിഷയമാണ് പൊതുവിൽ ചർച്ച ചെയ്യാറുള്ളത്. സിനിമ, രാഷ്ട്രീയം, സാംസ്കാരികം തുടങ്ങി നിസാര വിഷയങ്ങൾ പോലും സമൂഹമാധ്യമങ്ങൾ വിലയിരുത്തും. ചെറുതെന്ന് പലർക്കും തോന്നുന്ന വിഷയങ്ങൾ വിശദമായ ചർച്ചകളിലൂടെ ഇതിലിത്രയും കാര്യമുണ്ടായിരുന്നോ എന്ന് തോന്നിപ്പിക്കും വിധം വിലയിരുത്തും. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഒരു നടന്റെ പ്രകടനമാണ്. കരിക്ക് എന്ന പ്ലാറ്റ് ഫോമിൽ നിന്നും വരുന്ന വെബ്സീരീസുകൾ എപ്പോഴും മികച്ച പ്രതികരണങ്ങൾ നേടാറുണ്ട്. കഥയുടെ കഴമ്പുകൊണ്ടും അവതരണ രീതികൊണ്ടും അതിലുപരി അഭിനേതാക്കളുടെ പ്രകടനം കൊണ്ടുകൂടിയാണ് കരിക്ക് വളരെ വേഗത്തിൽ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയത്.
കരിക്കിന്റെ വെബ്സീരീസുകളിൽ തുടക്കം മുതൽ തന്നെ കയ്യടി നേടിയിരുന്ന താരമായിരുന്നു അനു കെ അനിയൻ. അനുവിന്റെ ജോർജ് എന്ന കഥാപാത്രമാണ് താരത്തിന് വലിയ സ്വീകാര്യത ജനങ്ങൾക്കിടയിൽ ഉണ്ടാക്കികൊടുത്തത്. ഇപ്പോഴിതാ കരിക്കിന്റെ ‘കലക്കാച്ചി’ എന്ന പുതിയ സീരീസിലും അനു തന്നെയാണ് പ്രേക്ഷക പ്രശംസ ഏറെ നേടുന്നത്. വിജയൻ എന്ന പോലീസ് കഥാപാത്രമായി അനു ജീവിക്കുകയാണെന്നാണ് ആസ്വാദക പക്ഷം. അമാനുഷികത ഒന്നുമില്ലാതെ നിസ്സഹായാവസ്ഥയും അഭിമാനവും ദേഷ്യവും എല്ലാമുള്ള ഒരു സാധാരണ പൊലീസുകാരനായി അനു എത്തുന്നു. ഒരു സിനിമ കാണുന്ന പ്രതീതിയാണ് സീരീസ് നൽകിയതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതുവരെയുള്ള എല്ലാ സീരീസിലും മികച്ചു നിന്ന അനു ഇത്തവണ കൂടുതൽ കയ്യടി നേടുന്നു എന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക