മലയാള സിനിമയിലെ ഹാസ്യ രാജാക്കന്മാരാണ് ജഗതിയും ഇന്നസെന്റുമെല്ലാം. ഒരു കാലത്ത് പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങളിലും ഒഴിച്ച് കൂടാനാകാത്ത കഥാപാത്രങ്ങളുമായി ജഗതി എത്താറുണ്ടായിരുന്നു. നായകനായും വില്ലനായും ഹാസ്യതാരമായും അങ്ങനെ തന്റെ കഥാപാത്രങ്ങൾ ഏത് രീതിയിലുള്ളതായാലും അവ അനായാസം പ്രേക്ഷകന് പരിചയപ്പെടുത്തുന്നതിൽ അസാമാന്യ കഴിവുള്ള കലാകാരൻ. 2012 ലാണ് കോഴിക്കോട് വച്ച് ജഗതി ശ്രീകുമാർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുന്നത്. നീണ്ട വിശ്രമത്തിനു ശേഷം സിബിഐ ചിത്രത്തിന്റെ അഞ്ചാം പതിപ്പിലൂടെ ചലച്ചിത്ര ലോകത്തേയ്ക്ക് തിരിച്ചു വരാനൊരുങ്ങുക കൂടിയാണ് ജഗതി.
ആ സന്തോഷം അവിടെ നിൽക്കുമ്പോൾ തന്നെ ഇന്ന് ജന്മദിന ആഘോഷിക്കുകയാണ് ജഗതി. സിനിമ ലോകത്തുള്ള നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. നടൻ ഇന്നസെന്റും ജഗതി ശ്രീകുമാറിന് ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. ഇരുവരും നിരവധി സിനിമകളിൽ ഒന്നിച്ച് വേഷമിട്ടിട്ടുണ്ട്. ‘എന്റെ കടലാസിന് ഒരായിരം പിറന്നാൾ ആശംസകൾ’ എന്നാണ് ഇന്നസെന്റ് കുറിച്ചിരിക്കുന്നത്. കാബൂളിവാല എന്ന ചിത്രത്തിലെ ഇരുവരുടെയും ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക