പാമ്പുപിടിത്ത വിദഗ്ധൻ വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മൂർഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന സുരേഷിന്റെ തലച്ചോറിന്റെ പ്രവർത്തനം ഭാഗികമായി മെച്ചപ്പെട്ടു. രക്തസമ്മർദം സാധാരണനിലയിലായി. ഹൃദയമിടിപ്പും സാധാരണനിലയിലായിട്ടുണ്ട്. പ്രതീക്ഷിച്ചതുപോലെ സുരേഷിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നത് ശുഭസൂചനയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.
സുരേഷ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. കഴിഞ്ഞദിവസം വൈകിട്ട് 4.30നു കുറിച്ചി കരിനാട്ടുകവലയിൽ മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് വലതു കാൽമുട്ടിനു മുകളിൽ കടിയേറ്റത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
വാവ സുരേഷിനെ കടിച്ചത് ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂർഖൻ. യൂത്ത് കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയിൽ വാണിയപ്പുരയ്ക്കൽ വി.ജെ. നിജുമോന്റെ വീട്ടുവളപ്പിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിലാണ് പാമ്പിനെ കണ്ടത്. വാവ സുരേഷ് എത്താൻ വൈകുമെന്ന് അറിഞ്ഞതോടെ വീട്ടുകാർ വല കൊണ്ട് പാമ്പിനെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് കരിങ്കല്ലു കൂട്ടം വല കൊണ്ട് മൂടിയിട്ടു.
സുരേഷ് ഇന്നലെ എത്തിയെങ്കിലും അപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് നടുവേദന ഉള്ളതിനാൽ കല്ലും മറ്റും നാട്ടുകാരാണ് മാറ്റിയത്. അവസാനത്തെ കല്ല് ഇളക്കിയതോടെ പാമ്പിനെ കണ്ടു. ഉടനെ സുരേഷ് പാമ്പിനെ പിടികൂടി. പാമ്പ് നാലു തവണ ചാക്കിൽ നിന്നു പുറത്തു ചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് പാമ്പിനെ കയറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.
സുരേഷിന്റെ കയ്യിൽ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയിൽ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാർഡ്ബോർഡ് ബോക്സിലാക്കി സ്വന്തം കാറിൽ കൊണ്ടു വച്ചു. പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. കാലിൽ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കികകളഞ്ഞു. തുണി കൊണ്ട് മുറിവായ കെട്ടി. സുരേഷിന്റെ കാറിൽത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡ്രൈവർക്ക് ആശുപത്രിയിലേക്കുള്ള വഴി പരിചയമില്ലാത്തതിനാൽ ഇടയ്ക്ക് നിജുവിന്റെ കാറിലേക്കു സുരേഷിനെ കയറ്റി. യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നതായി നിജു പറഞ്ഞു. എന്നാൽ, ചിങ്ങവനത്ത് എത്തിയപ്പോൾ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയോടെ ഛർദിച്ച് അവശ നിലയിലായി.
സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടു നിന്ന നാട്ടുകാരനായ ആൾ സംഭവസ്ഥലത്ത് തലകറങ്ങി വീണു. വീഴ്ചയിൽ തലയ്ക്ക് പരുക്കേറ്റയാളെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വാവ സുരേഷിന്റെ ചികിത്സ സംബന്ധിച്ച് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക